മാനന്തവാടി
ചുവരുകൾ നിറയെ വർണമൊട്ടുകളാണ്. അക്രിലിക്കിലും വാട്ടർ കളറിലുമെല്ലാം വിരിഞ്ഞ കുട്ടിഭാവനകൾ. ചിത്രങ്ങൾ കണ്ടാൽ വിസ്‌മയിക്കും. വരയുടെ മികവ് അത്രയേറെയാണ്. എത്രകണ്ടാലും മതിവരാത്ത വർണങ്ങളും ചിത്രങ്ങളും.
മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ 27ന് ആരംഭിച്ച ചിത്രപ്രദർശനം ‘വർണമൊട്ടുകളാ’ണ് സന്ദർശകരെ ആകർഷിക്കുന്നത്. പുൽപ്പള്ളി ഇരുളം ‘നവി ആർട്‌സി’ലെ കുട്ടികളുടെതാണ് വരകളെല്ലാം.
മൂന്നുമുതൽ പത്തുവരെ ക്ലാസുകളിലുള്ള 32 പേർ ഒരുമാസത്തിനിടെ വരച്ച 112 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇതിൽ 10 പേർ നവി ആർട്‌സിൽനിന്ന് ഓൺലൈനായി ചിത്രകല പരിശീലിക്കുന്ന തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലുള്ളവരാണ്. ബാക്കിയുള്ളവർ പുൽപ്പള്ളിയിലും ഇരുളത്തുമായുള്ള വിദ്യാർഥികളാണ്. സ്‌പെഷ്യൽ സ്‌കൂൾ അധ്യാപികയും ചിത്രകാരിയുമായ നവ്യ സന്തോഷാണ് ‘നവി ആർട്‌സിൽ’ ചിത്രകല പഠിപ്പിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങൾ ലളിതകലാ അക്കാദമിക്ക് അയച്ച് അംഗീകാരം നേടിയാണ് പ്രദർശനം ഒരുക്കിയതെന്ന് നവ്യ പറഞ്ഞു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷറർ ഷാജി പാംബ്ല ഉദ്‌ഘാടനംചെയ്‌ത പ്രദർശനം വ്യാഴാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..