23 December Monday

അശമന്നൂരിലെ പ്ലൈവുഡ് ഫാക്ടറി 
വിവാദം: കലക്ടര്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


പെരുമ്പാവൂർ
അശമന്നൂർ പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനികൾ സ്ഥാപിക്കുന്നതിന് മലകളിൽനിന്ന്‌ മണ്ണെടുപ്പും പാറഖനനവും പരിസരമലിനീകരണവും നടത്തുന്നതിനെതിരെ പഞ്ചായത്തും കർമസമിതിയും നൽകിയ പരാതിയെ തുടര്‍ന്ന് കലക്ടർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലാണ് ‌കലക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ ജിയോളജി, ദുരന്തനിവാരണ അതോറിറ്റി, റവന്യു ഉദ്യോ​ഗസ്ഥര്‍ സ്ഥലം സന്ദർശിച്ചത്.

അമ്പത്താറ്‌ പ്ലൈവുഡ് ഫാക്ടറികൾ പ്രവർത്തിക്കുന്ന പഞ്ചായത്തിലെ ജലസ്രോതസ്സുകൾ മലിനജലം ഒഴുക്കിയതുമൂലം നശിച്ചുകിടക്കുന്നു. ഈ പ്രദേശങ്ങളും കല്ലിൽ ക്ഷേത്രപരിസരം, അംബേദ്കർ സങ്കേതം, ചാലിപ്പാറയിലെ പത്തോളം സ്ഥലങ്ങള്‍ എന്നിവിടങ്ങൾ കലക്ടർ പരിശോധിച്ചു. 28 സ്ഥലങ്ങളിൽ പുതിയ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് ഉയർന്ന പ്രദേശങ്ങളിൽനിന്ന്‌ മണ്ണും പാറയും ഖനനം നടത്തിക്കൊണ്ടിരിക്കുകയാണ്. കല്ലിൽ ഭഗവതിക്ഷേത്രത്തിനുസമീപം മണ്ണെടുത്ത സ്ഥലത്തുനിന്ന് മഴയിൽ വലിയപാറക്കല്ല് താഴേക്കു പതിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തലനാരിഴയ്ക്കാണ് താഴെ താമസിച്ചിരുന്ന കുടുംബം രക്ഷപ്പെട്ടത്.
28 ഫാക്ടറികൾകൂടി സ്ഥാപിക്കാനാണ് വ്യാപകമായി മണ്ണെടുക്കുന്നത്. അംബേദ്കർ പട്ടാളക്കുന്നിന്റെ ചരുവിലുള്ള കരിമ്പനാംകുടി സങ്കേതത്തിനുസമീപമുള്ള ചെക്ക് ഡാമിലേക്ക് ശുചിമുറിമാലിന്യം ഉൾപ്പെടെ തുറന്നുവിട്ടതും കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. നാട്ടുകാരായ എം അജിംസ്, വി ജി പ്രദീപ്, ഷിജു തങ്കപ്പൻ, വിനോദ് ദാമോദരൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ച്‌ ഫാക്ടറി നിർമാണത്തിനെതിരെ സ്റ്റേ വാങ്ങി. കലക്ടറുടെ സംഘത്തിനൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക് എന്നിവരും ഉണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top