22 December Sunday

തീരദേശ ഹൈവേയിൽ ബീച്ച് ടൂറിസം കുതിക്കും ; അട്ടിമറിക്കാൻ പ്രതിപക്ഷം

എസ് കിരൺബാബുUpdated: Friday Jul 19, 2024


തിരുവനന്തപുരം
തീരദേശ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്ര വികസനംകൂടി ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ തീരദേശ ഹൈവേ പദ്ധതി വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പാകും. ഓരോ 50 കിലോ മീറ്റർ ഇടവിട്ട് ആകെ 12 ഇടത്ത്‌ ടൂറിസം കേന്ദ്രം സജ്ജമാക്കും. സൈക്കിൾ ട്രാക്ക്, ചാർജിങ്‌ സ്‌റ്റേഷനുകൾ, റെസ്‌റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന്‌ മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും. 

കാസർകോടുനിന്ന് തിരുവനന്തപുരം വരെ 623 കിലോമീറ്റർ നീളത്തിലാണ് സംസ്ഥാനത്ത്‌ ആറുവരി തീരദേശപ്പാതയുടെ നിർമാണം പുരോ​ഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ മുഹിയുദ്ധീൻ പള്ളി മുതൽ കെട്ടുങ്ങൽ വരെ 3.85 കിലോമീറ്റർ ഭാഗത്ത് നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നുനൽകി. തൃശൂരിൽ പദ്ധതിയുടെ ഭാഗമായ അഴീക്കോട് മുനമ്പം പാലം പ്രവൃത്തികളും പുരോഗമിക്കുകയാണ്. ബാക്കിയിടത്ത്  കലക്ടർമാരുടെ മേൽനോട്ടത്തിൽ അതിവേഗമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്. 362 കിലോ മീറ്റർ ഭാഗത്ത് അതിരടയാള കല്ലുകൾ സ്ഥാപിച്ച് ഭൂമിയേറ്റെടുക്കലിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 288 കി മീ ഭാഗത്ത് സാമൂഹിക ആഘാത പഠനവും തുടങ്ങി. 2026ൽ പദ്ധതി പൂർത്തിയാകും. ദേശീയപാത 66 നിർമാണം പുരോഗമിക്കുന്നതിനാൽ നിർദിഷ്ട തീരദേശപാത ആവശ്യമില്ലെന്ന വിചിത്രവാദവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്‌.

●പദ്ധതി 
മത്സ്യത്തൊഴിലാളികളുടെ പിന്തുണയിൽ

തീരദേശ ഹൈവേക്കായി സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് മത്സ്യത്തൊഴിലാളികളുടെ പൂർണ പിന്തുണയോടെ. ഭൂമി വിട്ടുനൽകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചത് മികച്ച പുനരധിവാസ പാക്കേജാണ്. തീരദേശ വികസന കോർപറേഷന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ ഭൂമിയേറ്റെടുക്കാനുള്ള സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച് പാക്കേജിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നുണ്ട്. നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ചിലയിടങ്ങളിൽ എതിർപ്പുയർന്നത്. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. കെട്ടിടത്തിന്റെയും ഭൂമിയുടെയും വില കണക്കാക്കിയുള്ള നഷ്ടപരിഹാരത്തുകയ്‌ക്കൊപ്പം പുനരധിവാസം ആവശ്യമുള്ളവർക്ക്‌  ഫ്ലാറ്റോ ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപയോ ഉറപ്പാക്കുന്നതാണ്‌ പാക്കേജ്‌.

തീരദേശ ഹൈവേ ആവശ്യമില്ലെന്ന്‌ 
വി ഡി സതീശൻ

തീരദേശ ഹൈവേ നിർമാണം ആവശ്യമില്ലെന്ന്‌  പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ദേശീയ പാത 66 നിർമാണം പുരോഗമിക്കുന്നതിനാൽ നിർദിഷ്ട തീരദേശ പാതയുടെ ആവശ്യമില്ല. തീരദേശ പാത നിർമാണം പുനഃപരിശോധിക്കണമെന്ന ഷിബു ബേബി ജോൺ അധ്യക്ഷനായ യുഡിഎഫ്‌ സമിതിയുടെ റിപ്പോർട്ട്‌ സർക്കാരിന്‌ നൽകും. തീരദേശത്ത്‌ നിലവിലുള്ള റോഡുകൾ വികസിപ്പിച്ച്‌ ദേശീയപാത 66മായി ബന്ധിപ്പിക്കുകയെന്നതാണ്‌ യുഡിഎഫ്‌ മുന്നോട്ട്‌വെക്കുന്ന ബദൽ നിർദേശമെന്നും  സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഷിബു ബേബി ജോണും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top