13 November Wednesday

നാട്ടുവൈദ്യന്റെ കൊലപാതകം; മൃതദേഹാവശിഷ്‌ടത്തിനായി തെരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

എടവണ്ണ സീതിഹാജി പാലത്തിന്റെ താഴെ ചാലിയാർ പുഴയിൽ പരിശോധന നടത്തുന്ന പൊലീസ്

നിലമ്പൂർ / എടവണ്ണ > നാട്ടുവൈദ‍്യൻ ഷാബാ ഷെരീഫിന്റെ  മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ  ചാലിയാർ പുഴയിൽ പൊലീസ് തെരച്ചിൽ തുടങ്ങി. അഗ്നിരക്ഷാസേന, എമർജൻസി റെസ്ക‍്യൂ ഫോഴ്സ്  എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ. വെള്ളി രാവിലെ പത്തരയോടെ മുഖ‍്യപ്രതി ഷൈബിൻ അഷ്‌റഫിനെയും കൂട്ടുപ്രതി നടുത്തൊടിക നിഷാദിനെയും സീതിഹാജി പാലത്തിൽ എത്തിച്ച്‌ തെളിവെടുത്തു. നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രഹാം, നിലമ്പൂർ സിഐ പി വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കൊണ്ടുവന്നത്.

പ്ലാസ്റ്റിക് കവറിൽ  മൃതദേഹം പാലത്തിൽനിന്നും ചാലിയാറിലേക്ക് തള്ളിയത് ഷൈബിനും നിഷാദും ചേർന്നാണ്‌. വാഹനങ്ങൾ വരുന്നുണ്ടോയെന്നറിയാൻ മറ്റു പ്രതികൾ പാലത്തിന് ഇരുഭാഗങ്ങളിലും നിലയുറപ്പിച്ചു. എടവണ്ണ–- -ഒതായി റോഡിന്റെ ഇടതുഭാഗത്ത് പാലത്തിന്റെ മൂന്നാം തൂണിനോട്‌ ചേർന്നാണ് മൃതദേഹം വെള്ളത്തിലേക്ക് എറിഞ്ഞത്.  മൃതദേഹം തള്ളുന്നതിനിടെ പാലത്തിന്റെ ഭിത്തിയിൽ തട്ടിയതായും പ്രതികൾ പൊലീസിന് മൊഴി നൽകി.

കനത്ത മഴ തെരച്ചിലിനെ ബാധിക്കുന്നുണ്ട്‌. ശനിയാഴ്ച നാവികസേനയുടെ സഹായത്തോടെ വീണ്ടും തെരച്ചിൽ നടത്തും. പുഴയിൽ തെരച്ചിൽ നടത്തുന്ന പ്രദേശത്ത് മലപ്പുറം ഫോറൻസിക് യൂണിറ്റിലെ വിദ​​ഗ്ദരായ ഡോ.  വി മിനി, എ ഇസഹാഖ് എന്നിവരും പരിശോധനയ്ക്ക് എത്തി.


ലീഗ്‌ നേതാവിനെ ചോദ്യംചെയ്‌തു 

നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌  മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ബന്ധുവും ലീ​ഗ് നേതാവുമായ ചന്തക്കുന്ന് സ്വദേശിയെ അന്വേഷകസംഘം ചോദ്യംചെയ്‌തു. നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൂന്നുമണിക്കൂറിലധികം നേരമാണ്‌ ചോദ്യംചെയ്‌തത്‌.

ബന്ധുവെന്ന നിലയിൽ  ദീർഘകാലത്തെ ബന്ധമുണ്ടെന്നും വിദേശത്തടക്കം ഷൈബിനെ കാണാൻ ഇയാൾ പോകാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.  ഷൈബിന്റെ സ്റ്റാർ വൺ കമ്പനിയിൽ പലതവണ ഇയാൾ പോയിട്ടുണ്ട്. ഒളിവിലുള്ള റിട്ട. എസ്ഐയുമായും  അടുത്ത ബന്ധമുണ്ട്. റിട്ട. എസ്ഐയെ വീട്ടിൽ താമസിപ്പിച്ചത്‌ ഇദ്ദേഹമാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top