14 November Thursday

നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാത: 
വൈദ്യുതീകരണ പ്രവൃത്തി തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Jun 8, 2022
നിലമ്പൂർ > സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (​ഗ്രീൻ കോറിഡോർ) നിലമ്പൂർ –-ഷൊർണൂർ ബ്രോ​ഡ്​ഗേജ് പാതയിലെ സ്വപ്നപദ്ധതിയായ വൈദ്യുതീകരണ പ്രവൃത്തി  ജില്ലയിൽ തുടങ്ങി. ഇതിന്റെ ഭാഗമായി വരുന്ന പ്രധാന ഓഫീസുകളുടെ നിർമാണ പ്രവൃത്തികൾക്കും ഫ്ലാറ്റ് ഫോം നവീകരണ പ്രവൃത്തികൾക്കുമാണ് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ തുടക്കമായത്.  ചീഫ് പ്രൊജക്ട് ഡയറക്ടർ (സെൻട്രൽ ഓർ​ഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷനാണ് (ചെന്നൈ) നോഡൽ ഏജൻസി. പാലക്കാട് റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർക്കാണ്  ചുമതല.
 
ഷൊർണൂരിൽനിന്ന് നിലമ്പൂർവരെ 67 കിലോമീറ്ററിലാണ് വൈദ്യുതീകരണം.  1300 തൂണുകളിലായാണ് കാന്റിലിവർ രീതിയിൽ വൈദ്യുതിക്കമ്പികൾ കടന്നുപോകുക. ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിലും സ്വിച്ചിങ്  സ്റ്റേഷനുകൾ വാടാനാകുറിശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തും സ്ഥാപിക്കും.  കഴിഞ്ഞ കേന്ദ്രസർക്കാർ ബജറ്റിൽ തുക അനുവദിച്ച പദ്ധതിക്കാണ് ഇപ്പോൾ ജീവൻവച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ എട്ട് വൈദ്യുതീകരണ പദ്ധതിയിൽപ്പെട്ട ഒന്നാണ് ഈ പാത. ഏട്ട് പദ്ധതികൾക്കുമായി 587.53 കോടി രൂപയാണ് റെയിൽവേ അനുവദിച്ചത്. നിലമ്പൂർ- ഷൊർണൂർ പാതയുടെ വൈദ്യുതീകരണത്തിന് 53 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാതയുടെ ഇന്ധനച്ചെലവും മലിനീകരണവും  കുറയ്ക്കാനും കൂടുതൽ ശക്തിയുള്ള എൻജിനുകൾ ഓടിക്കാനും പാതയിലെ ചക്രംതെന്നൽ  ഒഴിവാക്കാനും വൈദ്യുതീകരണം സഹായിക്കും.
 
നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന്  ഷൊർണൂർ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ 1.10 മണിക്കൂറിൽ ഷൊർണൂരിൽ എത്താം.  ഡീസൽ എൻജിനാണെങ്കിൽ നിർത്തിയതിനുശേഷം മുന്നോട്ടെടുക്കാൻമാത്രം 35 ലിറ്റർ ഡീസൽ ചെലവാക്കണം. ട്രെയിന്‍ നല്ലവേഗത്തിൽ  പോകുമ്പോഴും ഒരു കിലോമീറ്ററിന് 10 ലിറ്ററോളം ഡീസൽ ചെലവ് വരുമെന്നാണ് കണക്ക്. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്റെ 30 ശതമാനംവരെ കുറയ്ക്കാനാകും.  പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത എൻജിൻ എന്ന ഖ്യാതിയും ഇതിനുണ്ട്‌.
 
തുടക്കത്തിൽ വൻചെലവ്; പിന്നെ ലാഭം
 
ലൈൻ വൈദ്യുതീകരണത്തിന്‌ ആദ്യം വൻതുക ചെലവഴിക്കണമെങ്കിലും  പിന്നീടങ്ങോട്ട്  ചെലവ് കുറയുകയും ലാഭം കൂടുകയും ചെയ്യും. ഡീസൽ ഇറക്കുമതി നോക്കിയിരിക്കേണ്ട സ്ഥിതി  ഇല്ലാതാവും. ഡീസൽ ട്രെയിനിനെക്കാൾ 30, 35 ശതമാനംവരെ അധികലാഭമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top