08 September Sunday

നിപാ : പ്രതിരോധംതീർത്ത്‌ സർക്കാർ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024


മലപ്പുറം
പാണ്ടിക്കാട്‌ ചെമ്പ്രശേരിയിൽ പതിനാലുകാരന് നിപാ ബാധ സംശയിച്ചതുമുതൽ ഉണർന്ന് പ്രവർത്തിച്ച് സർക്കാർ സംവിധാനം. പനി ബാധിച്ച് കഴിഞ്ഞ 15മുതല്‍ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക ജ്വരം സംശയത്തോടെ കോഴിക്കോട് മിംസ്‌ ആശുപത്രിയിൽ എത്തിച്ചത്. ശനി പുലര്‍ച്ചെ നിപാ സംശയമുണ്ടായി. ഉടന്‍തന്നെ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നിപാ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെത്തന്നെ തുടങ്ങി. കുട്ടിയുടെ സ്രവം തിരുവനന്തപുരത്തെ വൈറോളജി ലാബിലും പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു.  
ശനി രാവിലെ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉന്നത ഉദ്യോഗസ്ഥരുടെ യോ​ഗം വിളിച്ചു.

പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം നിപാ നിയന്ത്രണത്തിനായുള്ള സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ചു. സര്‍വൈലന്‍സ്, സാമ്പിള്‍ ടെസ്റ്റ്, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ടീം തുടങ്ങി 25 കമ്മിറ്റികളാണ്‌ അടിയന്തരമായി രൂപീകരിച്ചത്‌. കുട്ടിയുടെ പുതിയ സ്രവ സാമ്പിള്‍ ശേഖരിച്ച് ശനിയാഴ്ചയും പുണെയിലേക്ക് അയച്ചു.

പുണെ വൈറോളജി ലാബില്‍ സൂക്ഷിച്ചിരിക്കുന്ന മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനത്തേക്ക് അയക്കാനും നിര്‍​ദേശം നല്‍കി. ഇത് ഞായർ രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകൾ എന്നിവ എത്തിക്കുന്നതിനായി കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കി.  
     ശനി വൈകിട്ടോടെ മലപ്പുറത്തെത്തിയ മന്ത്രി വീണാ ജോർജ് അവലോകന യോഗത്തിൽ പങ്കെടുത്തു. മന്ത്രിയും ആരോ​ഗ്യ ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും ജില്ലയില്‍ ക്യാമ്പ്ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top