മലപ്പുറം> നിപാ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ 175 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. പ്രാഥമിക സമ്പർക്ക പട്ടികയിൽ 126 പേരും സെക്കൻഡറി സമ്പർക്ക പട്ടികയിൽ 49 പേരുമാണുള്ളത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചശേഷം നിപാ സ്ഥിരീകരിച്ച യുവാവിന്റെ ബന്ധുക്കളായ 10 പേർക്ക് രോഗലക്ഷണം. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടേതടക്കം 13 സ്രവം പരിശോധനയ്ക്കയച്ചു. നിപാ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോട്ടോകോള്‍ പ്രകാരം 16 കമ്മിറ്റി രൂപീകരിച്ച് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി. 175 പേരാണ് യുവാവിന്റെ പ്രാഥമികസമ്പര്‍ക്കത്തിലുള്ളത്. ഇതിൽ 74 പേർ ആരോഗ്യപ്രവർത്തരാണ്. യുവാവിന്റെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്. ഇതില്‍ ബംഗളൂരുവിലുള്ള മൂന്ന് സഹപാഠികളുമുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 30 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡും സ്രവ പരിശോധനയ്ക്കായി മൈക്രോബയോളജി ലാബും സജ്ജമാക്കി. തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡിലും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ജില്ലയില്‍ നിപാ കണ്‍ട്രോള്‍ റൂമും തുറന്നു.
ഒമ്പതിനാണ് ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ വണ്ടൂര്‍ നടുവത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ മരിച്ചത്. മസ്തിഷ്കകജ്വര ലക്ഷണത്തെതുടർന്നാണ് നിപാ സംശയിച്ചത്. ഞായറാഴ്‌ച പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം നിപാ സ്ഥിരീകരിച്ചു. ശനിയാഴ്‌ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനാഫലവും പോസിറ്റീവായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..