08 September Sunday

പ്രതിരോധത്തിന്റെ കേരള മാതൃക

സ്വന്തം ലേഖികUpdated: Monday Jul 22, 2024

തിരുവനന്തപുരം > അഞ്ചാം തവണ നിപാ വൈറസിനെ നേരിടാൻ ഒരുങ്ങുകയാണ്‌ കേരളം. 2018ലെ ആദ്യ രോഗസ്ഥിരീകരണം മുതൽ കേരളം മുന്നോട്ടുവച്ച പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടു. 2018മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ 2020, 2022 വർഷങ്ങളിൽ മാത്രമാണ്‌ രോഗം സ്ഥിരീകരിക്കാതിരുന്നത്‌.

രോഗഉറവിടം വവ്വാലുകൾ തന്നെയാകാമെന്ന നിഗമനത്തിലാണ്‌ സംസ്ഥാന ആരോഗ്യവകുപ്പ്‌ പ്രതിരോധനടപടികൾ നടത്തുന്നത്‌. 2023ൽ ആറുപേർക്ക്‌ രോഗം ബാധിച്ചപ്പോൾ നാലുപേരെ ആരോഗ്യത്തോടെ തിരിച്ചയക്കാൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കായി. ഓരോ വർഷവും രോഗം ആവർത്തിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞ്‌ നടപടികൾ ആരംഭിച്ചു. നിപാ പ്രതിരോധത്തിന് കഴിഞ്ഞ മെയ്‌ മുതൽ പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കാൻ തുടങ്ങി. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപാ വ്യാപന സാധ്യതയുള്ള മെയ് മുതൽ സെപ്തംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപാ പഠനകേന്ദ്രം, തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി എന്നിവിടങ്ങളിലെ ഗവേഷണങ്ങൾ, മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനതലത്തിൽ വികസിപ്പിക്കുന്നതിനുള്ള നപടികളും സജീവമാണ്‌.  കൃത്യമായ ഇടവേളകളിൽ വവ്വാലുകളിൽ പരിശോധന നടത്തി. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലെ വവ്വാലുകളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയത്‌ ഏപ്രിലിലാണ്‌.  ഇതോടെ സ്‌കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും അവബോധം നൽകിതുടങ്ങി. 2023ൽ കോഴിക്കോടുണ്ടായ നിപാ വൈറസ് രോഗം നിയന്ത്രിക്കുന്നതിൽ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ അഭിനന്ദിച്ചിരുന്നു.

മഴക്കാലപൂർവ ശുചീകരണ പരിപാടികൾക്ക്‌ തുടക്കമിട്ടപ്പോളും വിവിധ ജില്ലകളിൽ നിപാ പ്രതിരോധം ശക്തമാക്കാനും ആരോഗ്യവകുപ്പ്‌ നിർദേശം നൽകിയിരുന്നു. ലക്ഷണങ്ങൾ മനസിലാക്കി രോഗസാധ്യത അനുമാനിക്കുന്ന മികച്ച ആരോഗ്യസംവിധാനമാണ്‌ കേരളത്തിലേത്‌. മരണനിരക്ക്‌ പരമാവധി കുറച്ച്‌ രോഗവ്യാപനം നിയന്ത്രിക്കുന്നതാണ്‌ സംസ്ഥാനത്തിന്റെ നയം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top