22 December Sunday

നിപാ: കുട്ടിയുടെ മാതാപിതാക്കളുൾപ്പെടെ 11 പേരുടെ ഫലം നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

മലപ്പുറം > നിപാ ബാധിതനായി മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ മാതാപിതാക്കളുൾപ്പെടെ 11 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്‌. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വൈറോളജി ലാബിൽ പരിശോധിച്ച ഒമ്പതുപേരുടേയും തിരുവനന്തപുരം വൈറോളജി ലാബിൽ പരിശോധിച്ച രണ്ടു പേരുടേയും ഫലമാണ്‌ നെഗറ്റീവായതെന്ന്‌ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈകീട്ട് ചേർന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

ഇതിൽ രണ്ടുപേർ പാലക്കാട് സ്വദേശികളായ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രി ജീവനക്കാരും രണ്ടുപേർ പെരിന്തൽമണ്ണ ആശുപത്രിയിൽനിന്ന് സമ്പർക്കമുണ്ടായ തിരുവനന്തപുരം സ്വദേശികളുമാണ്‌. രണ്ടുപേരുടെ ഫലംകൂടി തിരുവനന്തപുരത്തെ വൈറോളജി ലാബിൽനിന്ന്‌ വരാനുണ്ട്‌. ഇവരുൾപ്പെടെ 15 പേരാണ്‌ മഞ്ചേരി, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലായി ചികിത്സയിലുള്ളത്‌.

മരിച്ച 14കാരന്റെ സമ്പർക്കപ്പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലുണ്ട്. ഇവരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തെ പരിശോധനയിൽ പാണ്ടിക്കാട്ടേത്‌ 2023ലെ നിപാ വകഭേദംതന്നെയെന്ന്‌ സ്ഥിരീകരിച്ചു. പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നെത്തിയ ബാറ്റ് സർവൈലൻസ് ടീം പാണ്ടിക്കാട് പരിശോധന നടത്തും. ജില്ലയിലെത്തിയ എൻഐവി സംഘം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൊബൈൽ ലാബ് സജ്ജീകരിക്കും. ഐസിഎംആർ പ്രതിനിധികളും ജില്ലയിലെത്തി. ഭോപ്പാലിൽനിന്നുള്ള കേന്ദ്ര മൃ​ഗസംരക്ഷണ പ്രതിനിധികളും ജില്ലയിലെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവർ വവ്വാലുകൾക്കായി മാപ്പിങ് നടത്തും.

നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പിൽനിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാർ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലിൽ വൈറസിന്റെ ഉറവിടം ഇതാകാനാണു സാധ്യത. മറ്റു പരിശോധനകൾ നടത്തിയാലേ ഇതു സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി പറഞ്ഞു.

നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പ്രോട്ടോക്കോൾ പ്രകാരം 21 ദിവസം ഐസലേഷനിൽ നിർബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പർക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണു കർശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top