വണ്ടൂർ
മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപാ ബാധിച്ചെന്ന് സംശയം. ബംഗളൂരുവില്‍ സൈക്കോളജി വിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരനാണ് തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചിട്ടുണ്ട്. പുണെ വൈറോളജി ലാബില്‍ സ്ഥിരീകരിച്ചാൽ മാത്രമേ ഇത് പ്രഖ്യാപിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
രണ്ടുമാസംമുമ്പ് ബംഗളൂരുവില്‍വച്ച് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലെത്തിയ വിദ്യാർഥി അസുഖംഭേദമായതോടെ തിരിച്ചുപോയി. താമസസ്ഥലത്ത് തെന്നിവീണ് കാലിന് പരിക്കേറ്റ് വീണ്ടും നാട്ടിലെത്തി ചികിത്സതേടി. ഇതിനിടെ നാലുദിവസംമുമ്പ് പനിബാധിച്ച് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഞായറാഴ്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കൾ രാവിലെ 8.30നാണ് മരണം. പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ നീര്‍ക്കെട്ടാണ് മരണകാരണം എന്നായിരുന്നു സംശയം. നിപാ ലക്ഷണം കണ്ടതോടെയാണ് ആരോഗ്യവകുപ്പ് രക്ത സാമ്പിൾ അയച്ചത്.
പ്രാഥമിക പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..