തിരുവനന്തപുരം
അഞ്ചാമതും നിപാ വൈറസുമായി യുദ്ധത്തിലാണ് കൊച്ചുകേരളം. 2018 മുതൽ 2024 വരെയുള്ള ഏഴുവർഷത്തിൽ അഞ്ചുതവണയാണ് രോഗം സ്ഥിരീകരിച്ചത്. ഓരോ തവണയും കേരളത്തിന്റെ പൊതുജനാരോഗ്യവകുപ്പ് നിപായെ നേരിട്ട് വിജയിച്ചു.
പക്ഷേ, ഓരോ തവണയും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നതായിരുന്നു പ്രതിപക്ഷ നയം. നിപായുടെ ഉറവിടം കേരളം കണ്ടെത്തിയിട്ടില്ലെന്ന വാദമാണ് ചിലയിടങ്ങളിൽ നിന്നുയർന്നത്. അതേസമയം നിപാ വൈറസിനെപ്പറ്റി ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത് കേരളത്തിൽ നിന്നാണെന്നതാണ് വാസ്തവം. രോഗത്തെപ്പറ്റി വിശദമായ വൈറോളജിക്കൽ തെളിവുകളാണ് കേരളത്തിന്റെ പക്കലുള്ളതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നു. കേരളത്തിൽ നിപാ ബാധിച്ചിട്ടുള്ള എല്ലാ ജില്ലയിലും അതിനോട് ചേർന്ന് കിടക്കുന്ന ജില്ലകളിലും വൈറസിന്റെയോ ആന്റിബോഡിയുടെയോ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. 2023ൽ നടത്തിയ പഠനങ്ങൾ അനുസരിച്ച് വവ്വാലുകളിൽ ആന്റിബോഡികളുടെ സാന്നിധ്യം സീസണലായി വ്യത്യാസപ്പെടുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇത് മെയ് മുതൽ സെപ്തംബർ വരെയുള്ള സമയത്താണ് ശക്തമാകുന്നതെന്നും വ്യക്തമായിരുന്നു.
ഇത്തവണ 14കാരനിൽ രോഗം സ്ഥിരീകരിച്ച് അഞ്ചാം ദിവസവും പുതിയ രോഗികൾ ഇല്ലായെന്നത് കേരളത്തിന് ആശ്വാസമാണ്. ബുധനാഴ്ച പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ ആകെ 58 സാമ്പിളാണ് നെഗറ്റീവായത്. 2018ൽ നിപാ എന്താണെന്നുപോലും അറിയാത്ത സാഹചര്യത്തിൽ മാത്രമാണ് കേരളത്തിന് കൂടുതൽ ജീവനുകൾ നഷ്‌ടമായത്. പിന്നീട് എല്ലായ്‌പ്പോഴും പരമാവധി രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാനത്തിനായി. ഈ ഘട്ടത്തിലും കേരളം വിജയിക്കുമെന്നുറപ്പ്.
പ്രതിരോധം ഫലം കാണുന്നു
പൊതുജന പിന്തുണയോടെ സർക്കാർ ഒരുക്കിയ പഴുതടച്ച നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു. പാണ്ടിക്കാട്ട് പതിനാലുകാരൻ നിപാ ബാധിച്ച് മരിച്ചതോടെ ജില്ലയിലുയർന്ന ആശങ്ക അയയുന്നു. ആദ്യ കേസ് റിപ്പോർട്ട്ചെയ്‌ത് നാല് ദിവസം പിന്നിട്ടിട്ടും മറ്റാർക്കും രോഗബാധ സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്. വ്യാപനമുണ്ടായിട്ടില്ലെന്ന് ഉറപ്പിക്കാൻ കുട്ടിയുമായി സമ്പർക്കത്തിലായ എല്ലാവരെയും കണ്ടെത്തി ഐസൊലേഷനിലാക്കുകയാണ് ആരോഗ്യ വകുപ്പ്. കുട്ടിയുടെ മാതാപിതാക്കളുൾപ്പെടെ 58 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപാ സംശയമുയർന്നത്. ഉടൻ സംസ്ഥാന സർക്കാർ ഉണർന്നുപ്രവർത്തിച്ചു. പ്രോട്ടോക്കോൾ പാലിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഓൺലൈനായി ഉന്നതതല യോഗം ചേർന്നു. നിപാ സ്റ്റാൻഡേർഡ് പ്രൊസീജിയർ പ്രകാരം ജില്ലയിൽ 25 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. അന്ന് വൈകിട്ടുതന്നെ മന്ത്രി മലപ്പുറത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വൈകിട്ടോടെ നിപാ സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളും ഈർജിതമാക്കി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കി. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കലക്ടർ നിയന്ത്രണങ്ങളേർപ്പെടുത്തി. ഇരു പഞ്ചായത്തുകളിലുമായി 239 ടീമുകൾ രൂപീകരിച്ച് വീടുകയറി പനി സർവേ തുടങ്ങി. വിദ്യാർഥി ചികിത്സ തേടിയ ആശുപത്രികളിലെയും സഞ്ചരിച്ച സ്വകാര്യ ബസിലെയും സമ്പർക്കപ്പട്ടിക തയ്യാറാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. കുട്ടിയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട്ട് സജ്ജമാക്കി. ബാറ്റ് സർവൈലൻസ് ടീമിനെ എത്തിച്ച് വവ്വാലുകളിലെ സ്രവപരിശോധനയും ആരംഭിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും ജില്ലയിലെ എംഎൽഎമാരും എംപിമാരും ജനപ്രതിനിധികളും പ്രതിരോധപ്രവർത്തനങ്ങളിൽ പൂർണ പിന്തുണ നൽകി. ജില്ലാ ഭരണസംവിധാനം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൊതുജനങ്ങളും സഹകരിച്ചു.
ജാഗ്രത തുടരണം
സമ്പർക്കപ്പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസൊലേഷനിൽ കഴിയണം. നിപാ വ്യാപനമില്ലെന്ന് ഉറപ്പാക്കുംവരെ പ്രതിരോധപ്രവർത്തനം തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പനി സർവേ ഇന്നുകൂടി
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ പനി സർവേ വ്യാഴാഴ്ച പൂർത്തിയാകും. ബുധനാഴ്ച 8376 വീടുകൾ സന്ദർശിച്ചു. ഇതുവരെ 26,431 വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു.
പരിശോധന വേഗത്തില്‍
നിപാ സ്രവ പരിശോധനയ്‌ക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങും. ബിഎസ്എൽ -3 ലെവൽ ലബോറട്ടറിയാണ് ഇത്. അക്കാദമിക് കെട്ടിടത്തോട് ചേർന്നാണ് സൗകര്യം ഒരുക്കിയത്. മഞ്ചേരി വൈറോളജി വിഭാഗത്തിലെ സൈന്റിസ്റ്റ്, ടെക്നീഷ്യൻസ്, അനുബന്ധ ജീവനക്കാർ എന്നിവര്‍ക്ക് കോഴിക്കോട്ട് പരിശീലനം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘത്തെ സഹായിക്കാനായി സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിൽനിന്നുള്ള വിദഗ്ധരും വൈകിട്ടോടെ മഞ്ചേരിയിൽ എത്തും. മെഡിക്കൽ കോളേജിലെ പിസിആർ ലാബിന്റെ സഹായത്തോടെയാണ് പരിശോധനാ ഘട്ടം പൂർത്തിയാക്കുക. നിലവിൽ പുണെയിലെ എൻഐവിയിലേക്കാണ് സാമ്പിളുകൾ അയച്ചിരുന്നത്.
നിപാ പരിശോധന നടത്താൻ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുകൾക്കേ കഴിയൂ. സാമ്പിൾ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകൽ, സംഭരണം, സംസ്‌കരണം എന്നിവയ്ക്ക് ബയോ സേഫ്റ്റി മുൻകരുതലുകൾ വേണം. സാമ്പിളുകൾ സുരക്ഷിതമായി ട്രിപ്പിൾ കണ്ടെയ്‌നർ പാക്കിങ് നടത്തും. ഇത് കോൾഡ് ചെയിനിൽ രണ്ടുമുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായി മൊബൈൽ ലബോറട്ടറിയിലേക്ക് മാറ്റും.
പരിശോധന ഇങ്ങനെ
നിപാ വൈറസ് കണ്ടെത്താൻ പിസിആർ അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) പരിശോധനയാണ് നടത്തുന്നത്. എൻഐവി പുണെയിൽനിന്ന് ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് പരിശോധന. ആദ്യമായി സാമ്പിളുകളിൽനിന്ന് ആർഎൻഎയെ വേർതിരിക്കും. നിപാ വൈറസ് ജീൻ ഉണ്ടോ എന്ന് കണ്ടെത്തിയാണ് സ്ഥിരീകരിക്കുക. പരിശോധനയ്ക്ക് മൂന്നുമുതൽ നാല് മണിക്കൂറാണ് സമയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..