22 December Sunday

നിപാ ഭീതിയില്ല; ജാഗ്രതയോടെ പാണ്ടിക്കാട്‌

സ്വന്തം ലേഖകൻUpdated: Tuesday Jul 23, 2024

പാണ്ടിക്കാട്‌> ഭീതിയില്ലാതെ; ജാഗ്രതയോടെ പാണ്ടിക്കാടും ചെമ്പ്രശേരിയും. പകൽ പാണ്ടിക്കാട്‌ ടൗൺ സാധാരണപോലെയാണ്‌.  ചെമ്പ്രശേരി താലപ്പൊലിപ്പറമ്പും പള്ളിപ്പടിയിലുമെല്ലാം ജനത്തിരക്ക്‌ നന്നേ കുറഞ്ഞു. താലപ്പൊലിപ്പറമ്പിൽ  ഏതാനും കടകൾ തുറന്നിട്ടുണ്ട്‌. മരിച്ച കുട്ടിയുടെ വീടിനുസമീപമുള്ള പള്ളിപ്പടി ഭാഗത്ത്‌ ആരും പുറത്തിറങ്ങുന്നില്ല. പ്രദേശത്തെ ജനങ്ങൾ വീടുകളിൽപോലും മാസ്‌ക്‌ ധരിക്കുന്നുണ്ട്‌. ജില്ലയുടെ  എല്ലാ ഭാഗത്തുള്ളവരും മാസ്‌ക്‌ ധരിക്കണമെന്നാണ്‌ നിർദേശം. പ്രദേശത്ത്‌ ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി സർവേ നടത്തുന്നുണ്ട്‌.

പഴുതടച്ച് പ്രതിരോധം

നിപാ ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രതയോടെ പ്രതിരോധപ്രവർത്തനം തുടർന്ന് സർക്കാർ. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ വീടുകളിൽ സർവേ നടത്താനും പനിബാധിതരെ കണ്ടെത്താനും 224 ടീമുകളെ സജ്ജമാക്കി. പാണ്ടിക്കാട് പഞ്ചായത്തിൽ 144 ടീമും ആനക്കയത്ത് 80 ടീമും സർവേ നടത്തും. ഒരു ടീമിൽ രണ്ടുപേരാണുള്ളത്‌. ഇവർക്ക് ഓൺലൈനായി പരിശീലനം നൽകി.

ചോദ്യാവലികളുമായാണ് വീടുകയറുന്നത്. പനിബാധിതരുണ്ടോ, കുടുംബത്തിൽ അടുത്തിടെ അസ്വാഭാവിക മരണങ്ങളുണ്ടായിട്ടുണ്ടോ, വളർത്തുമൃ​ഗങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞും തിങ്കളാഴ്ചയുമായി 7239 വീടുകൾ സംഘം സന്ദർശിച്ചു. തിങ്കളാഴ്ചമാത്രം പാണ്ടിക്കാട് പഞ്ചായത്തിലെ 3702ഉം ആനക്കയത്തെ 2940 വീടുകളും സന്ദർശിച്ചു.  

ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. നിപാ പ്രോട്ടോകോളുകൾ പാലിച്ചാണ് തിങ്കളാഴ്ച പ്ലസ്‌ വൺ അലോട്മെന്റ് നടപടി പൂർത്തിയാക്കിയത്. ചൊവ്വാഴ്ചയും ഇതുപോലെ തുടരും. പോളിടെക്‌നിക് കോളേജ് അലോട്മെന്റും നിപാ പ്രോട്ടോകോൾപ്രകാരം നടത്തും.  

നിയന്ത്രണം തുടരും

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം തുടരും. കടകളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ വൈകിട്ട്‌ അഞ്ചുവരെയാക്കി. രോഗം പടരാതിരിക്കാൻ ഓരോരുത്തരും സ്വയം നിയന്ത്രണമേർപ്പെടുത്തേണ്ടതുണ്ട്. പനിയില്ലാത്ത, ഫലം നെഗറ്റീവായവർക്ക് വീടുകളിലേക്ക് മടങ്ങാം. ഇവരും  സമ്പർക്കപ്പട്ടികയിലുള്ളവരും നിർബന്ധമായും 21 ദിവസം ഐസൊലേഷനിൽ കഴിയണം. രോഗിയുമായി അവസാന സമ്പർക്കമുണ്ടായതുമുതലുള്ള ദിവസമാണ് കണക്കാക്കുക.

വിദ്യാർഥികൾക്ക് കൗൺസലിങ് നൽകി

നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് കൗൺസലിങ് നൽകി. വിദ്യാഭ്യാസ വകുപ്പിന്റെയും വനിതാ –- ശിശുക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കിയത്. ഇതിനായി ഓൺലൈനായി പ്രത്യേക ക്ലാസ് പിടിഎ യോ​ഗം ചേർന്നു. ആവശ്യമുള്ള വിദ്യാർഥികൾക്ക് വ്യക്തിപരമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

പെൻഷൻ മസ്റ്ററിങ്ങിന് അവസരമൊരുക്കും

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലുള്ളവരുടെ പെൻഷൻ മസ്റ്ററിങ്ങിന് പിന്നീട് പ്രത്യേകം സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കലക്ടർക്ക് ഇതിന്‌ നിർദേശം നൽകി. മറ്റിടങ്ങളിൽ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മസ്റ്ററിങ് നടത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top