ശബരിമല തീർഥാടനകാര്യത്തിൽ തീരുമാനം കൃത്യമായി പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു ക്ലാരിറ്റിക്കുറവ്. ഒരു തീർഥാടകനും ബുദ്ധിമുട്ടുവരില്ല, ബുക്ക് ചെയ്യാത്തവർക്കും സുഗമ ദർശനം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിൽ എവിടാണ് ക്ലാരിറ്റിക്കുറവ്. എന്നാൽ, അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ സഭവിട്ട് ഓടുന്ന കാര്യത്തിൽ ഇവർക്ക് നല്ല ക്ലാരിറ്റിയാണ്. ധനപരമായ ബുദ്ധിമുട്ടിന് കേന്ദ്രസർക്കാരാണ് കാരണമെന്ന് അറിയാമെങ്കിലും പറയാത്തതിലും അതുണ്ട്. വില്ലനെ വെറുതെവിട്ട് ഇരയുടെ പിന്നാലെ പായുന്ന ‘സൂപ്പർ വില്ലന്റെ ’ റോളാണ് പ്രതിപക്ഷത്തിനെന്ന് മാത്യു ടി തോമസ് ഓർമിപ്പിച്ചു.
കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നിലപാടിനെ ഒരു വാക്കിൽപോലും നോവിക്കാത്ത സ്നേഹം എന്തിനാണെന്ന് അറിയാമെന്ന് കെ ബാബു നെന്മാറയും ചൂണ്ടിക്കാട്ടി.
ബുദ്ധിമുട്ടുകൾക്കിടയിലും സമർഥമായ ഓണക്കാലവും ക്ഷേമ നടപടികളുമടക്കം മന്ത്രി കെ എൻ ബാലഗോപാൽ കണക്കുവച്ച് നിരത്തി. അതോടെ, അടിയന്തര പ്രമേയം ഔട്ടായോ എന്ന് പ്രതിപക്ഷത്തിന് ഒരു സംശയം. കിഫ്‌ബിക്കെതിരെ കേസിന് പോയ മാത്യുകുഴൽനാടൻ മണ്ഡലത്തിൽ കിഫ്‌ബി പദ്ധതികളുടെ ഫ്ലക്സ് വച്ച് മേനിനടിക്കുന്ന കാര്യം പി പി ചിത്തരഞ്ജനും പറഞ്ഞതോടെ എല്ലാം തവിടുപൊടി. പിന്നെ കണ്ണൂരിലെ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം ഉയർത്തിയായി ബഹളം. സത്യസന്ധമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ അതിലും ക്ലാരിറ്റി വരുത്തി. നിങ്ങളിങ്ങനെ ക്ലാരിറ്റിവരുത്തിയാൽ ഈ കളിക്ക് ഞങ്ങളില്ല എന്ന ഭാവത്തിൽ ഒറ്റ വാക്കൗട്ട്. സ്വന്തം അടിയന്തര പ്രമേയം ചർച്ചചെയ്യുമ്പോൾ ട്രെയിൻസമയം നോക്കി സഭവിടുന്നത് അത്ര ഭൂഷണമല്ലെന്ന മന്ത്രി എം ബി രാജേഷിന്റെ ഓർമപ്പെടുത്തൽ ഓട്ടത്തിന്റെ വേഗം കൂട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..