മൂലമറ്റം> അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് വിനോദിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി.
പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എസ്‌സി സംവരണമാണ്. എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഉറുമ്പുള്ള് വാർഡംഗം പി എസ് സിന്ധുവിന് തഹസിൽദാർ നല്കിയ ജാതി സർട്ടിഫിക്കറ്റ് യുഡിഎഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി 2021 സെപ്റ്റംബർ 15ന് റദ്ദു ചെയ്യുകയും ജാതി സർട്ടിഫിക്കറ്റ് നിലനിൽക്കും എന്ന് ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസത്തിന് നോട്ടീസ് നല്കിയത്.
കോൺഗ്രസും ബിജെപിയും വിട്ടു നിന്നെങ്കിലും 9 എൽഡിഎഫ് മെമ്പർമാരും അവിശ്വാസത്തെ പിന്തുണച്ചു. പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ വൈസ് പ്രസിഡന്റ് സുബി ജോമോന് പ്രസിഡന്റിന്റെ ചുമതല നല്കി.
എൽഡിഎഫ്– ഒമ്പത്, യുഡിഎഫ്–നാല്-, ബിജെപി–രണ്ട് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. അവിശ്വാസം വിജയിച്ചാൽ ഉറുമ്പുള്ളിൽനിന്ന് മത്സരിച്ച് ജയിച്ച എൽഡിഎഫ് സ്ഥാനാർഥി പി എസ് സിന്ധു ആയിരിക്കും പുതിയ പ്രസിഡന്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..