തിരുവനന്തപുരം > സിനിമയുടെ സൗണ്ട് എഡിറ്റിങ്ങിലും മിക്സിങ്ങിലും ഇന്ത്യൻ സംവിധായകരിൽ നിന്ന് ക്രിയാത്മക സംഭാവനകൾ ലഭിക്കാറില്ലെന്ന് ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി. എന്നാൽ തന്റെ നിർദ്ദേശങ്ങൾ എതിർപ്പില്ലാതെ അംഗീകരിക്കപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം എന്ന സിനിമ സംവിധാനം ചെയ്ത ബ്ലെസി സംവിധായകനെന്ന നിലയിൽ സർഗാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
ലോകപ്രശസ്ത അഭിനേത്രി ലിവ് ഉൾമാനും വിഖ്യാത ചലച്ചിത്രകാരൻ ഇംഗ്മർ ബർഗ്മാനും തമ്മിലുള്ള സുദീർഘമായ ബന്ധം വിശകലനം ചെയ്തുകൊണ്ട് ധീരജ് അകോൽക്കർ സംവിധാനം ചെയ്ത ലിവ് ആൻഡ് ഇംഗ്മർ എന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ബർഗ്മാന്റെ സിനിമകളിൽ നിന്നുള്ള ക്ലിപ്പുകൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ക്ലാസിക് സ്വഭാവമുള്ള ആ ചിത്രങ്ങളുടെ ശബ്ദപഥത്തിൽ ഇടപെടുക വിഷമകരമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.
മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖന രംഗത്ത് തനിക്ക് ഉയർച്ച സമ്മാനിച്ചതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ഓസ്കാർ ജേതാവാകാൻ സാധിച്ചതും മുഖ്യധാരാ സിനിമകളിലെ അവസരങ്ങൾ മൂലമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമകളിൽ ഇപ്പോൾ ശബ്ദകലയ്ക്ക് പ്രാധാന്യം കൂടി വരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടായിരങ്ങളുടെ തുടക്കത്തിൽ സിങ്ക് സൗണ്ട് റെക്കോർഡിങ്ങിന് ഇന്ത്യൻ സിനിമകളിൽ പ്രാമുഖ്യം ഇല്ലാതിരുന്നിടത്തു നിന്ന് 2009 ൽ തനിക്ക് ഓസ്കാർ ലഭിക്കുന്ന നിലയിലേക്ക് എത്തിയത് അഭിമാനകരമാണെന്നും പൂക്കുട്ടി പറഞ്ഞു. ഡോക്യുമെന്ററി നിർമാണത്തിൽ സാങ്കേതിക സംവിധാനങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഐഡിഎസ്എഫ്എഫ്‌കെയുടെ ഭാഗമായി ദ് സോണിക് ലാൻഡ് സ്കേപ്- എ സെഷൻ വിത് റസൂൽ പൂക്കുട്ടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സന്നിഹിതനായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..