തിരുവനന്തപുരം
സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്താൻ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണമായും ഫലപ്രദമാകണമെങ്കിൽ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷനുകൾ, തൊഴിലാളി യൂണിയനുകൾ, ജീവനക്കാരുടെ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻഎസ്എസ്, എൻസിസി, എസ്‌പിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യക്തിശുചിത്വത്തിന് നൽകുന്ന അതേ പ്രാധാന്യം പൊതു ശുചിത്വത്തിനും നൽകണം.
അത് നമ്മുടെ നാടിന്റെയും ഭാവി തലമുറകളുടെയും നിലനിൽപ്പിന് പ്രധാനമാണ്. ശുചിത്വം ഉറപ്പുവരുത്തുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസരങ്ങൾ സൃഷ്ടിക്കാൻ മാത്രമല്ല, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനും സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഉപകരിക്കും–- മുഖ്യമന്ത്രി പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഏറ്റെടുത്ത് പൂർണതോതിൽ ജനകീയമാക്കേണ്ടതുണ്ട്. അതത് റസിഡന്റ്‌സ് അസോസിയേഷന്റെ പരിധിയിൽ വരുന്ന പൊതു ഇടങ്ങൾ അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ശുചീകരിക്കാനാകും. തൊഴിലാളി സംഘടനകൾക്കും ജീവനക്കാരുടെ സംഘടനകൾക്കും അവരവരുടെ തൊഴിലിടം മാലിന്യമുക്തമാകുന്നു എന്നുറപ്പുവരുത്താൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്താനാകും.
സ്‌കൂളുകളിലും കലാലയങ്ങളിലും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘടനകളുടെ മേൽനോട്ടത്തിലും എൻഎസ്എസ്, എൻസിസി, എസ്‌പിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് എന്നിവയുടെയൊക്കെ സഹകരണത്തിലും ശുചീകരണം നടത്താം.നാടിന്റെ മുക്കും മൂലയും ശുചിയാക്കുന്ന വിപുലമായ ക്യാമ്പയിനാണ് ഡിസംബറിലും- ജനുവരിയിലും നടക്കുന്നത്.
അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടത് ആരോഗ്യ സംരക്ഷണത്തിനും വിനോദ സഞ്ചാരത്തെ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വളർത്താനും ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..