22 December Sunday
നോര്‍ക്കയുടെ ‘ഓപ്പറേഷന്‍ ശുഭയാത്ര’യുടെ 
 ഭാഗമായാണ് നടപടി

വിദേശ തൊഴിൽ തട്ടിപ്പ്‌ തടയൽ ; ടാസ്‌ക്‌ ഫോഴ്‌സുമായി സർക്കാർ

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2024


തിരുവനന്തപുരം
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വിസ തട്ടിപ്പും തടയാൻ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ച് സംസ്ഥാന സർക്കാർ. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പൊലീസ് സൂപ്രണ്ട് എന്നിവരാണ്‌ അംഗങ്ങൾ. പ്രവാസികാര്യ സെക്രട്ടറി ഡോ. കെ വാസുകിയാണ് ഉത്തരവിട്ടത്.

റിക്രൂട്ട്‌മെന്റ് പരാതികളിൽ നടപടി ലക്ഷ്യമിട്ടുള്ള നോർക്കയുടെ ‘ഓപ്പറേഷൻ ശുഭയാത്ര’യുടെ ഭാഗമായാണ് നടപടി. റിക്രൂട്ട്‌മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതായ പരാതി ലഭിക്കുന്നുണ്ട്. ഇവയുടെ അന്വേഷണ പുരോഗതി ടാസ്‌ക്‌ഫോഴ്‌സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്തും. കൂടാതെ എൻജിഒ ആയ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശുപാർശ പ്രകാരം റിക്രൂട്ട്മെന്റ് തട്ടിപ്പ് തടയാൻ ഫലപ്രദവും കർശനവുമായ നടപടിക്കായി വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കും.  എൻആർഐ സെല്ലിനെ ശക്തിപ്പെടുത്താനും എൻആർഐ സെല്ലിന് മാത്രമായി സൈബർ സെൽ രൂപീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്കും എൻആർഐ സെല്ലിലെ പൊലീസ് സൂപ്രണ്ടിനും നിർദേശം നൽകി.

വിദ്യാർഥികളുടെ കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കാനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിന് നിർദേശം നൽകി. റിക്രൂട്ട്മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കും. സംശയാസ്പദമായതോ ആയ ഇടപാടുകൾ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അധികൃതരെ അറിയിക്കാൻ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്ലാനിങ്‌ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top