22 December Sunday

നോർക്ക ട്രിപ്പിൾ വിൻ കേരള ; 528 നഴ്സുമാര്‍ക്ക് 
ജര്‍മനിയില്‍ ജോലി

സ്വന്തം ലേഖികUpdated: Monday Nov 11, 2024



തിരുവനന്തപുരം
നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയിലൂടെ മൂന്നുവർഷത്തിനിടെ ജർമ്മനിയിലെത്തിയത് 528 നഴ്സുമാർ. ജർമ്മനിയിലെ 12 സംസ്ഥാനത്തെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയിലാണ് ഇവർക്ക് നിയമനം ലഭിച്ചത്. കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ തൊഴിലവസരമൊരുക്കുന്നതിന് നോർക്കയും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ- ഓപ്പറേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. 2021 ഡിസംബറിലാണ് കരാറിലൊപ്പിട്ടത്. ഇന്ത്യയിൽ ആദ്യമായാണിത്. അഞ്ചുഘട്ടത്തിൽ തെരഞ്ഞെടുത്ത 1400 പേരുടെ ഭാഷാപരിശീലനം പൂർത്തിയായാൽ ജർമ്മനിയിലേയ്ക്ക് തിരിക്കും. ഗോയ്ഥേ സെന്ററുകളിലാണ് ബി 1 വരെയുളള ഭാഷാപരിശീലനം നൽകുന്നത്.

ജർമ്മൻ ഓണററി കോൺസലിന്റെ നേതൃത്വത്തിൽ ട്രിപ്പിൾ വിൻ പദ്ധതിയുടെ 500 പ്ലസ് ആഘോഷവും ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതിൽ പതനത്തിന്റെ 35-ാം വാർഷികാഘോഷവും സംഘടിപ്പിച്ചു. തിരുവനന്തപുരം ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബംഗലൂരുവിലെ ജർമ്മൻ കോൺസൽ ജനറൽ അച്ചിം ബുകാർട്ട് മുഖ്യാതിഥിയായി. നോർക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മികച്ച നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്നും ഗോയ്ഥേ സെന്ററിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, ഗോയ്ഥേ സെന്റർ ചെയർപേഴ്സൺ ജി വിജയരാഘവൻ, ജർമ്മനിയുടെ കേരളത്തിലെ ഹോണററി കോൺസൽ ‍ഡോ. സയിദ് ഇബ്രാഹിം എന്നിവർ‌ സംസാരിച്ചു. ജർമ്മൻ ബാന്റായ അലാംടോ സംഗീതവിരുന്നും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top