തിരുവനന്തപുരം> ഗവർണർമാർക്ക് ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ ഉന്നത നീതിപീഠത്തിൽ നിന്ന് നൽകണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ നിർണായകമായിട്ടുള്ള ഇടപെടലാണ് ഇന്ന് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി പി രാജീവ്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകിക്കുന്നതിനെതിരെ കേരളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് നോട്ടീസയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് നോട്ടീസ് അയച്ചത്.
പാർലമെന്ററി ജനാധിപത്യത്തെ അടിസ്ഥാനമാക്കി നിയമസഭ ഒരു ബില്ല് പാസാക്കിയാൽ, അത് ഗവർണർ ഒപ്പിടേണ്ടതുണ്ട്. കേരളത്തിൽ ഭരണഘടനാനുസൃതമായി പാസാക്കിയ ബില്ലുകൾ ദീർഘകാലം ഗവർണർ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതു സംബന്ധിച്ച് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ, സുപ്രീം കോടതി നോട്ടീസയക്കുന്ന സന്ദർഭത്തിൽ ധൃതിപിടിച്ച് വേണ്ടവിധം പരിശോധിക്കാതെ ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു. രാഷ്ട്രപതിക്ക് അയച്ചതുസംബന്ധിച്ച് ഹർജിയിൽ ഭേദഗതികൾ വരുത്തണമെന്ന് കേരളം ആവശ്യപ്പെടുകയും അത് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു.
പുതിയ സത്യവാങ്മൂലം നൽകുന്നത് കേരളത്തിന് കോടതി അംഗീകാരം നൽകി. ഗവർണർമാർക്ക് ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉന്നതനീതിപീഠം നൽകണമെന്ന ആവശ്യമാണ് കേരളം സുപ്രീം കോടതിയുടെ മുന്നിൽ ഉന്നയിച്ചത്. ഇതിലാണ് സുപ്രീം കോടതി ഇന്ന് നോട്ടീസയച്ചിരിക്കുന്നത്. വിഷയത്തിൽ സുവ്യക്തമായ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..