26 December Thursday
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്‌ ഇന്നു തുടക്കം

ഇനി കലാമാമാങ്കം

സ്വന്തം ലേഖകൻUpdated: Monday Nov 25, 2024

പെരുമ്പാവൂർ
കൗമാരകലയുടെ ഉത്സവത്തിന്‌ തിങ്കളാഴ്‌ച കുറുപ്പംപടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിയും.  അഞ്ചുദിവസത്തെ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായി. 14 ഉപജില്ലകളിൽനിന്ന്‌ 8279 വിദ്യാർഥികളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. അപ്പീൽവഴി വരുന്നവർ ഉൾപ്പെടെ 351 ഇനങ്ങളിലായി ഒമ്പതിനായിരത്തോളം മത്സരാർഥികൾ മാറ്റുരയ്‌ക്കും.


തിങ്കൾ രാവിലെ ഒമ്പതിന്‌ ഡിഡിഇ ഹണി ജി അലക്‌സാണ്ടർ പതാക ഉയർത്തും. എംജിഎം എച്ച്‌എസ്‌എസിലെ 15 ക്ലാസ്‌ മുറികളിലായി രചനാമത്സരങ്ങളും നടക്കും. നാടൻപാട്ട്, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം, മോണോആക്ട്, മിമിക്രി, ഇംഗ്ലീഷ് സ്കിറ്റ്, പൂരക്കളി, യക്ഷഗാനം, തമിഴ് പദ്യം, തമിഴ് പ്രസംഗം, കന്നട പദ്യം, കന്നട പ്രസംഗം എന്നീ മത്സരങ്ങളും വിവിധ വേദികളിലായി നടക്കും. മേളയുടെ ഉദ്‌ഘാടനം ചൊവ്വ രാവിലെ ഒമ്പതിന്‌ എംജിഎം എച്ച്‌എസ്‌എസിൽ വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിക്കും. നടൻ രമേഷ്‌ പിഷാരടി, പ്രേമലു ഫെയിം സംഗീത്‌ പ്രതാപ്‌ എന്നിവരും പങ്കെടുക്കും. 29ന്‌ വൈകിട്ട്‌ നാലിന്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.


ഊട്ടുപുരയുടെ ഉദ്‌ഘാടനവും പാലുകാച്ചലും  ബെന്നി ബെഹനാൻ എംപി നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ ടി അജിത് കുമാർ, ഡിഡിഇ ഹണി ജി അലക്സാണ്ടർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ പി അജയകുമാർ, പി പി അവറാച്ചൻ,  പാചകത്തിന്റെ ചുമതലയുള്ള ഹരി സ്വാമി എന്നിവർ സംസാരിച്ചു. അഞ്ചുദിവസത്തെ മേളയിൽ 25,000ൽ അധികം പേർക്കാണ്‌ ഭക്ഷണം ഒരുക്കുന്നത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top