19 December Thursday

മരുന്നുവില വർധന; 
പ്രതിഷേധം ശക്തം

സ്വന്തം ലേഖികUpdated: Monday Oct 21, 2024

തിരുവനന്തപുരം> എട്ട്‌ അവശ്യമരുന്നുകളുടെ വില 50 ശതമാനം വർധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധം ശക്തം. മരുന്ന്‌ ഉൽപ്പാദനം ലാഭമല്ലെന്ന്‌ നിർമാതാക്കൾ പരാതിപ്പെട്ടതോടെയാണ്‌ പൊതുജന താൽപ്പര്യം പരിഗണിക്കാതെ ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്‌ അതോറിറ്റി (എൻപിപിഎ) മരുന്നുകളുടെ വില വർധിപ്പിച്ചത്‌. കഴിഞ്ഞ 15നാണ്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്‌.

ആസ്‌തമ, ഗ്ലൂക്കോമ, തലാസീമിയ, ക്ഷയം, മാനസിക രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നിനാണ്‌ വില കൂടുക. ഏറെ ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണിവ. ബെൻസിൽ പെൻസിലിൻ, അട്രോപൈൻ ഇൻജെക്‌ഷൻ, സ്‌ട്രെപ്‌റ്റോമിസിൻ പൗഡർ ഫോർ ഇൻജക്‌ഷൻ (ക്ഷയരോഗത്തിന് ഉപയോഗിക്കുന്നത്‌), സാൽബുറ്റമോൾ ടാബ്‌ (ആസ്‌തമയ്ക്ക്‌ ഉപയോഗിക്കുന്നത്), പിലോകാർപൈൻ (ഗ്ലോക്കോമ), സിഫാഡ്രോക്‌സിൻ ടാബ്‌, ഡെസ്‌ഫെറിയോക്‌സാമിൻ, ലിഥിയം ടാബ്‌ (ബൈപോളാർ ഡിസോർഡർ) എന്നീ ഫോർമുലേഷനുകളുടെ വിലയാണ്‌ വർധിപ്പിച്ചത്‌.
ഉൽപ്പാദനച്ചെലവ്, വിനിമയനിരക്കിലെ മാറ്റം തുടങ്ങിയ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി വില പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ മരുന്ന് നിർമാതാക്കൾ കേന്ദ്രത്തെ സമീപിച്ചത്‌. ഇതിൽ മറ്റ്‌ പരിശോധനകൾ ഇല്ലാതെ വില വർധിപ്പിക്കുകയായിരുന്നു കേന്ദ്രം.

മരുന്നുകളുടെ വില വർധിപ്പിച്ച കേന്ദ്രനടപടിയിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിച്ചു. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പ്രസിഡന്റ്‌ ടി കെ മീരാഭായ്, ജനറൽ സെക്രട്ടറി  പി വി ദിവാകരൻ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top