23 December Monday

വയനാടിന് കൈത്താങ്ങ്: നാഷണൽ സർവീസ് സ്കീം 150 വീടുകൾ പണിതുനൽകും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം> വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 150 കുടുംബത്തിന് നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു നൽകും. സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമ്മാണം ഏറ്റെടുക്കുക.

കലിക്കറ്റ്‌, എംജി, കണ്ണൂർ, കേരള, സാങ്കേതിക, ആരോഗ്യ, ശ്രീശങ്കര സംസ്കൃത സർവകലാശാലകളിലെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെ എൻഎസ്എസ് യൂണിറ്റുകളുടെയും മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും ദൗത്യത്തിൽ പങ്കാളിയാകും.

ദുരന്തബാധിതർക്ക് മാനസികാഘാതം മറിക്കടക്കാൻ വിദഗ്ദ്ധ കൗൺസലിങ് എൻ‌എസ്എസ് സജ്ജമാക്കും. വിദ്യാർഥികളിൽ പ്രത്യേകശ്രദ്ധ കൊടുക്കുന്നതിന് 'ബാക്ക് ടു സ്‌കൂൾ ബാക്ക് ടു കോളേജ്' ക്യാമ്പയിനും എൻഎസ്എസ് രൂപകല്പന ചെയ്തിട്ടുണ്ട്. ബാക്ക് ടു സ്കൂളിന്റെ ഭാഗമായി ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ എൻഎസ്എസ് നൽകും.

ആരോഗ്യ സർവകലാശാല എൻഎസ്എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കും. അതേപ്പോലെ ശുചീകരണ ഡ്രൈവിൽ എൻഎസ്എസ് വളണ്ടിയർമാരും ഓഫീസർമാരും പങ്കെടുക്കും. പോളിടെക്‌നിക്ക് കോളേജുകൾ, എൻജീനിയറിങ് കോളേജുകൾ, ഐടിഐകൾ എന്നിവയിലെ അം​ഗങ്ങളുടെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക്കൽ- പ്ലംബിങ് പ്രവൃത്തികൾ തുടങ്ങിയ സാങ്കേതികസേവനവും നല്കാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top