പത്തനംതിട്ട > നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടനുസരിച്ച് തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകളാണ് മരണ കാരണം. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളേജിലെ നാലാം വർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ നിലയിൽ നവംബർ 15ന് വൈകിട്ടാണ് അമ്മുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
അമ്മുവിന് സഹപാഠികളായ മൂന്നുപേരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്നാണ് കുടുംബം ആരോപിച്ചത്. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് പരാതിയും നൽകിയിരുന്നു. അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..