പത്തനംതിട്ട > നഴ്‌സിംഗ് വിദ്യാർഥി അമ്മു സജീവന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും കസ്റ്റഡിയിൽ വിട്ടു. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 27 വരെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുള്ള കാരണമാകും വിധം മാനസിക പീഡനമുണ്ടായെന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ മൂന്ന് പെൺകുട്ടികൾക്കെതിരെ അമ്മു സജീവന്റെ മരണത്തിൽ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരിൽ നിന്ന് അമ്മു നേരിട്ടെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ ആത്മഹത്യക്ക് മുൻപ് മൂവർക്കുമെതിരെ പിതാവ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ മൂവർക്കുമെതിരെ മെമ്മോ നൽകിയതും അന്വേഷണത്തിൽ നിർണായകമായി. തുടർന്നാണ് ഇവരുടെ വീടുകളിൽനിന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഇവരെ മുമ്പ് അടുത്തമാസം അഞ്ചുവരെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു.
ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ നിലയിൽ 15ന് വൈകിട്ടാണ് അമ്മുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
ഹോസ്റ്റലിലെ സി സി ടിവിയുടെ ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ മുറിയിൽ നിന്നും നോട്ട് ബുക്ക്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തു. ബുക്കിൽ പൊലീസ് പിടിയിലായവരുടെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും ഉപദ്രവം തുടർന്നാൽ നിയമനടപടിക്ക് നിർബന്ധിതയാകും എന്നെഴുതിയതായും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..