07 November Thursday

പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്ക് വിദേശത്തടക്കം ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തും: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

തിരുവനന്തപുരം > ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകി പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്ക് വിദേശത്തടക്കം ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കുള്ള വിവിധ പദ്ധതിക്കുള്ള അപേക്ഷകൾ സമയ ബന്ധിതമായും തെറ്റുകൂടാതെയും സമർപ്പിക്കുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത കാട്ടണം. വിദേശ രാജ്യങ്ങളിലെ അഡ്മിഷനടക്കം ഇത് ബാധകമാണ്. ജോലിസംബന്ധമയ മത്സരങ്ങൾ കൂടുന്നു എന്നതും പല രാജ്യങ്ങളും തദ്ദേശീയരെ പരിഗണിക്കുന്നു എന്നതും പ്രധാനഘടകങ്ങളാണ്. മറ്റു രാജ്യങ്ങളിലെത്തിയാലും സൗഹൃദ അന്തരീക്ഷം നിലനിർത്താൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതി പട്ടികജാതി വികസന വകുപ്പിന്റെയും ഓവർസീസ് ഡവലപ്പ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ് ലിമിറ്റഡിന്റെയും (ODPEC) സാങ്കേതിക സഹായത്തോടുകൂടി 'ഗവൺമെന്റ് ഓഫ് കേരള- ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ്' എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിനായി scdd.kerala.gov.in/ unnathikerala.org വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത്, ODPEC മുഖാന്തിരം നടത്തുന്ന സ്‌ക്രീനിംഗിനുശേഷം, സ്‌കോളർഷിപ്പ് സെലക്ഷൻ/ അപ്പീൽ കമ്മിറ്റി തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കാണ് വിദേശപഠന സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. വിദേശരാജ്യങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾക്ക് തത്തുല്യമായ ഡിപ്ലോമാകോഴ്‌സുകൾ, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറേറ്റ് കോഴ്‌സുകൾ എന്നിവ പഠിക്കുന്നതിനായി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്നു.

വേൾഡ് ടൈംസ് യൂണിവേഴിസിറ്റി റാങ്കിംഗ് 500-ന് അകത്തുള്ള യൂണിവേഴ്‌സിറ്റികളെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ ഓരോ വർഷവും 310 പേർക്കാണ് വിദേശ പഠന സ്‌കോളർഷിപ്പ് അനുവദിക്കുക. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 3 സ്ലാബുകളായി തിരിച്ചാണ് പഠനസഹായം നൽകുന്നത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 25 ലക്ഷം രൂപ വരെയും 12 മുതൽ 20 ലക്ഷം വരെയുള്ളവർക്ക് ട്യൂഷൻഫീസായി 15 ലക്ഷവും വിസ, വിമാന ടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ്, ജീവിത ചെലവ് ഇനത്തിൽ 5 ലക്ഷവും ചേർത്ത് 20 ലക്ഷവും നൽകും. 20 ലക്ഷത്തിനു മേൽ ട്യൂഷൻഫീസായി 15 ലക്ഷവും നൽകുന്നു. ഇതേവരേ 675 പട്ടികജാതി വിദ്യാർഥികൾക്കും 41 പട്ടികവർഗ്ഗ വിദ്യാർഥികൾക്കും 57 പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കും ഉൾപ്പെടെ 773 കുട്ടികൾക്ക് വിദേശ സർവകലാശാലകളിൽ സ്‌കോളർഷിപ്പോടെ പഠനാവസരം ഒരുക്കിയതായും മന്ത്രി അറിയിച്ചു. പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി സജീവ് അധ്യക്ഷനായ ചടങ്ങിൽ ഒഡേപെക് മാനേജിംഗ് ഡയറക്ടർ അനൂപ് കെ, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സിന്ധു പരമേശ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top