മാനന്തവാടി
വയനാട് എടവക പഞ്ചായത്തിൽ ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാൻ ഓട്ടോയിൽ കൊണ്ടുപോയതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഇത് അന്വേഷിക്കും. എടവക പഞ്ചായത്തിനോട് ചേർന്നുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന് സമീപത്താണ് മരിച്ച ചുണ്ടയുടെ ഉന്നതി. പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകൾക്കും രാഷ്ട്രീയ പാർടികൾക്കും ആംബുലൻസ് ഉണ്ട്. ഇതൊന്നും ഉപയോഗിച്ചില്ല എന്നത് ഗൗരവത്തോടെ കാണണം. പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും ആംബുലൻസ് സംഘടിപ്പിച്ച് നൽകാൻ തയ്യാറായില്ല. എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ട്.
മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയത് വേദനാജനകമാണ്. ആദ്യം പ്രൊമോട്ടർ ആംബുലൻസ് ലഭ്യമാക്കി. അപ്പോൾ സംസ്‌കാരം നടത്തുന്നില്ലെന്ന് പറഞ്ഞു. ഈ സമയം ആംബുലൻസ് വേറെ രോഗിയെയും കൊണ്ടുപോയി. പിന്നീട് പകൽ മൂന്നോടെയാണ് പെട്ടെന്ന് മൃതദേഹം സംസ്‌കരിക്കണമെന്ന് പറഞ്ഞത്. തിരുനെല്ലി ഭാഗത്തേക്കുപോയ ആംബുലൻസ് തിരികെ എത്തുന്നതിലെ താമസമാണുണ്ടായത്. ഇതിനിടയിലാണ് ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയത്. പ്രൊമോട്ടറെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും ആക്രോശവുമാണ് സംഭാഷണത്തിലുള്ളത്. ‘ഞാൻ അങ്ങോട്ട് വരാം, കാത്തിരിക്കൂ’വെന്ന് പ്രൊമോട്ടർ പറയുന്നുണ്ട്. അതൊന്നും കേൾക്കാതെ ഭീഷണി തുടരുകയായിരുന്നു. ഇതിൽനിന്ന് മനസ്സിലാകുന്നത് വലിയ ഗൂഢാലോചനയുണ്ടെന്നാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..