28 December Saturday

ചെറുകിട സംരംഭകരുടെ ഉത്സവം "ഓളം ഫെസ്റ്റിവലിന്' നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

തിരുവനന്തപുരം > ദക്ഷിണേന്ത്യയിലെ ചെറുകിട സംരംഭകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  സാംസ്കാരിക സംഗമ മേളയായ മൂന്നാമത് 'ഓളം ഫെസ്റ്റിവൽ' ശനിയാഴ്‌ച ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി  തിരുവനന്തപുരം ടാഗോർ തീയേറ്റർ അങ്കണത്തിലാണ് മേള. കേരളത്തിൽനിന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചെറുകിട സംരംഭകരും കലാ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

100 സ്റ്റാളുകളിലായാണ് ചെറുകിട സംരഭകർ അണിനിരക്കുക. സ്റ്റാളുകളുടെ രജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കും.  7 വേദികളിലായാണ് കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറുക.

തിരുവനന്തപുരം ജില്ലയിൽ വീടുകൾ കേന്ദ്രീകരിച്ച് ചെറുകിട നിർമ്മാണങ്ങൾ നടത്തുന്നവർക്കും മേളയുടെ ഭാഗമാകാം. ചെറുകിട കരകൗശല നിർമ്മാണ രംഗത്ത് കഴിവ് തെളിയിച്ചെങ്കിലും ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഇത്തരക്കാർക്ക് അവസരം ലഭിക്കാറില്ല. സോഷ്യൽ മീഡിയ മാത്രം കേന്ദ്രീകരിച്ചാണ് ഇവർ വ്യാപാരം നടത്താറുള്ളത്.  അത്തരക്കാർക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള വേദികൂടിയാവും ഓളം.

ചെറുകിട നിർമാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. നിരവധി കലാ സാംസ്കാരിക പരിപാടികളും  ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12ഓളം പ്രശസ്ത ബാൻഡുകൾ സംഗീത പ്രകടനം കാഴ്ച വയ്ക്കും. വ്യത്യസ്ത മേഖലകൾ കേന്ദ്രീകരിച്ചുള്ള മൂന്നു വർക്ക്ഷോപ്പുകളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ഓളം ടോക്ക് എന്ന പേരിൽ സെമിനാറുകളും സംഘടിപ്പിക്കും. പുസ്തക ചർച്ചകൾ, മാജിക് ഷോ, മെൻറ്റലിസം ഷോ, മറ്റു മത്സരങ്ങൾ ,എൻജിനീയറിങ് ആക്ടിവിറ്റി, കലാസാംസ്കാരിക പ്രകടനങ്ങൾ, ചർച്ചകൾ, കരകൗശല നിർമ്മാണ വർക്ക്ഷോപ്പുകൾ, ചിത്രരചനാമത്സരം, ഭക്ഷണ സ്റ്റാളുകൾ തുടങ്ങി തിരുവനന്തപുരത്തുകാർക്ക് അറിവിന്റെയും ഉല്ലാസത്തിന്റെയും വ്യത്യസ്ത അനുഭവമാകും ഓളം ഫെസ്റ്റിവൽ.
രണ്ടു ദിവസം വിവിധ കലകളും സാംസ്കാരിക പ്രവർത്തനങ്ങളും ഒത്തുചേരുന്ന വർണ വൈവിധ്യത്തിന്റെ വേദിയാകും ടാഗോർ തിയേറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top