25 December Wednesday

ഗുണ്ടാനേതാവ്‌ ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം സിനിമാതാരങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ഓംപ്രകാശ്


കൊച്ചി
ഞായറാഴ്‌ച അറസ്റ്റിലായ ഗുണ്ടാനേതാവ്   തിരുവനന്തപുരം വലിയതുറ വള്ളക്കടവ് ഒ കെ നിവാസിൽ ഓംപ്രകാശിനെ ആഡംബര ഹോട്ടലിൽ സന്ദർശിച്ചവരിൽ സിനിമാതാരങ്ങളായ ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും. ഇവർക്കുപുറമേ സ്ത്രീകളടക്കം ഇരുപതോളംപേർ ഓംപ്രകാശിന്റെ മുറിയിലെത്തിയെന്ന്‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി എട്ടിൽ മരട്‌ പൊലീസ്‌ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു. ഓംപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിപാർടിയിൽ പങ്കെടുക്കാനെത്തിയവരാണ്‌ ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. ഓം പ്രകാശിനെയും കൊല്ലം കൊറ്റങ്കര തട്ടാക്കോണം ഷിഹാസി (54) നെയും മരട് പൊലീസ് ഞായറാഴ്‌ചയാണ്‌ ക്രൗൺ പ്ലാസ ഹോട്ടലിൽനിന്ന്‌ പിടികൂടിയത്. ലഹരിപ്പാർടി നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടർന്നായിരുന്നു പരിശോധന. ഇവർ താമസിച്ചിരുന്ന മുറിയിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മരട് പോലീസ് കേസെടുത്തത് ഇരുവരേയും  കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും ജാമ്യം ലഭിച്ചു.

മരടിൽ ഓംപ്രകാശ് താമസിച്ച ക്രൗൺ പ്ലാസ ഹോട്ടലിലെ മുറിയിലെത്തിയ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യുമെന്ന്‌ കൊച്ചി സിറ്റി ഡിസിപി കെ എസ്‌ സുദർശൻ പറഞ്ഞു. ഹോട്ടലിൽനിന്ന്‌ പരമാവധി തെളിവുകൾ ശേഖരിച്ചു. ഓംപ്രകാശിന്റെയും ഷിഹാസിന്റെയും രക്തസാമ്പിളുകളും ഉപയോഗിച്ച ഫോണുകളും ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയച്ചു. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യംചെയ്യുമെന്നും ഡിസിപി പറഞ്ഞു.. ഷിഹാസിന്റെ മുറിയിൽനിന്ന് നാലുലിറ്റർ വിദേശമദ്യവും കൊക്കെയ്‌ൻ സാന്നിധ്യമുള്ള സിപ്പ്‌ ലോക്ക്‌ കവറും കണ്ടെത്തിയിരുന്നു.

ഇടപാട്‌ മൂന്നു മുറികളിൽ, വിദേശത്തുനിന്ന്‌
കൊക്കെയ്‌ൻ  
പ്രതികൾ ക്രൗൺ പ്ലാസയിലെ മൂന്നുമുറികളിലായി ലഹരി ഇടപാട്‌ നടത്തിയെന്നാണ്‌ പ്രാഥമികനിഗമനം. ബോബി ചലപതി എന്നയാളാണ്‌ പ്രതികൾക്കുവേണ്ടി മുറി ബുക്ക്‌ ചെയ്തതെന്നും കണ്ടെത്തി.

വിദേശത്തുനിന്ന്‌ കൊക്കെയ്‌ൻ എത്തിച്ച്‌ വിവിധ ജില്ലകളിലെ ഡിജെ പാർടികളിൽ വിതരണം ചെയ്യുകയായിരുന്നു ഓംപ്രകാശും ഷിഹാസും. ഇവർ ബുക്ക് ചെയ്ത മുറിയും സമീപത്തെ രണ്ടുമുറികളും പൊലീസ്‌ വിശദമായി പരിശോധിച്ചു. ഹോട്ടലിലെ സിസിടിവിയിൽനിന്നാണ്‌ താരങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചത്. പോൾ ജോർജ് വധം ഉൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. 1999 മുതൽ സംസ്ഥാനത്ത്  കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, വീടുകയറി ആക്രമണം, ലഹരി ഇടപാട്‌ തുടങ്ങി ഇരുപതിലേറെ കേസുകളിലും  പ്രതിയാണ്. അടുത്തിടെയാണ്‌ ജാമ്യത്തിൽ ഇറങ്ങിയത്‌. പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിൽ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ ഒരുമാസംമുമ്പ്‌ തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടും കരാറുമായി കേരളത്തിലും ഗോവയിലും ഇയാൾ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

ഒരാൾ കസ്‌റ്റഡിയിൽ
ഓംപ്രകാശിനെ കാണാൻ സിനിമാതാരങ്ങളെ ആഡംബര ഹോട്ടലിൽ എത്തിച്ചതായി പൊലീസ്‌ സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫിനെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ സൗത്ത്‌ പൊലീസ്‌ വിശദമായി ചോദ്യംചെയ്‌തുവരികയാണ്‌. ബിനു ജോസഫിന്‌ കുപ്രസിദ്ധ ഗുണ്ട ഭായിനസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top