കോട്ടയം > ഓണക്കാലത്ത് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയാൽ വലിയ ആരവങ്ങൾ ഉയരുന്നുണ്ടാകും. കൈക്കുള്ളിൽ കൂട്ടിയിടിക്കുന്ന പകിട, നിലത്തുരുട്ടി പകിട പകിട പന്ത്രണ്ട് എന്ന ഉച്ചത്തിലുള്ള വിളി മിക്ക ഗ്രാമങ്ങളിലും ഉയർന്നു തുടങ്ങി. ഓണത്തിന്റെ വരവറിയിച്ച് പകിടകളിയുടെ ആവേശത്തിലാണ് നാട്. അന്യംനിന്നു പോകുന്ന നമ്മുടെ പാരമ്പര്യ വിനോദങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ആവേശങ്ങൾക്ക് പിന്നിൽ.
ചങ്ങനാശേരിയിലെ കുറിച്ചി, മോസ്കോ, മറിയപ്പള്ളി, പാമ്പാടിയിലെ പങ്ങട, പുതുപ്പള്ളിയിലെ മാങ്ങാനം തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് പ്രധാനമായും ഓണനാളുകളിൽ പകിടകളി മത്സരങ്ങൾ അരങ്ങേറുന്നത്. ഈ മത്സരങ്ങളിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുൾപ്പെടെ കളിക്കാർ എത്തുന്നുവെന്നതും പകിടകളിയുടെ ആവേശം വർധിക്കുന്നു. കളിക്കളത്തിലെ ആർപ്പുവിളികളും വാശിയും ആവേശവും ഗ്രാമങ്ങളിലെ കൂട്ടായ്‌മയെ തിരിച്ചു കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പകിടകളി പ്രേമികൾ.
15 സെന്റീമീറ്റർ നീളത്തിൽ നാല് മുഖങ്ങളോടെ ഓട് കൊണ്ട് നിർമ്മിക്കുന്നതാണ് പകിട. അറ്റം ഉരുണ്ട ദീർഘ ചതുരാകൃതിയിലുള്ള പകിടയുടെ ഓരോ വശത്തും ഒന്ന്, മൂന്ന്, നാല്, ആറ് എന്നിങ്ങനെ കുത്തുകൾ(കണ്ണ്) ഉപയോഗിച്ച് അടയാളപ്പെടുത്തും. കളത്തിൽ വീഴുന്ന പകിടകളിൽ രേഖപ്പെടുത്തിയിരിക്കുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരഫലം നിർണയിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..