22 December Sunday

കരുതൽ തുണയേകി; കടന്നുപോയി സമൃദ്ധമായൊരു ഓണം

സ്വന്തം ലേഖകൻUpdated: Tuesday Sep 24, 2024

തിരുവനന്തപുരം > വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷം ഉണ്ടായില്ലെങ്കിലും നാട്‌ ഏറ്റെടുത്ത്‌ സമൃദ്ധമാക്കിയ ഓണത്തിന്‌ സമാപനം. ആഘോഷങ്ങൾക്ക്‌ ഒട്ടും പൊലിമ കുറഞ്ഞില്ല. എല്ലാവിഭാഗം ജനങ്ങളുടെയും കൈകളിലേക്ക്‌ സർക്കാർ ആശ്വാസസഹായം എത്തിച്ചതിനാൽ വിപണികളിലേക്കും പണമെത്തി. വിലക്കയറ്റമോ അധികചെലവോ ഇല്ലാതെയായിരുന്നു ആഘോഷം. ആനുകൂല്യങ്ങൾ, ക്ഷേമപെൻഷൻ,  വിപണിയിടപെടൽ തുടങ്ങിയവയ്‌ക്കായി സർക്കാർ മുടക്കിയത്‌ 20,450 കോടി രൂപയാണ്‌. 
   
ഓണത്തിനുമുമ്പുതന്നെ 4800 രൂപ വീതം മൂന്നു ഗഡു ക്ഷേമപെൻഷൻ 60 ലക്ഷത്തിലേറെ പേർക്ക്‌ എത്തിച്ചിരുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങൾക്കു പുറമേ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും സർക്കാരിന്റെ സഹായധനമെത്തി. ഇത്‌ വിപണിയിലും പ്രകടമായി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിപണിയിടപെടലിന്‌ സപ്ലൈകോയ്‌ക്ക്‌ 225 കോടി നൽകിയതിന്റെ ഗുണം ജനങ്ങൾക്ക്‌ കിട്ടി.

14 ദിവസംകൊണ്ട്‌ 123 കോടിയുടെ വിൽപ്പനയാണ്‌ സപ്ലൈകോയിൽ ഉണ്ടായത്‌. കൺസ്യൂമർഫെഡ്‌ വഴിയുള്ള വിൽപ്പന 125 കോടിയാണ്‌. കുടുംബശ്രീ 2014 ഓണം മേളകൾ നടത്തിയപ്പോൾ 28.47 കോടിയുടെ വിറ്റുവരവുണ്ടായി. കൃഷിവകുപ്പുവഴി രണ്ടായിരം പച്ചക്കറി ചന്തകൾ നടത്തി. 235.84 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. കർഷകർക്ക്‌ ന്യായവില കിട്ടിയതിനൊപ്പം ജനങ്ങൾക്ക്‌ കുറഞ്ഞവിലയിൽ മികച്ച ഉൽപ്പന്നങ്ങളും ലഭിച്ചു.

നാട്ടിലെങ്ങും മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും ജനം ഒഴുകിയെത്തി. ഓണാഘോഷത്തിന്റെ തിരക്കുകൾ അവസാനിച്ചതോടെ നവരാത്രി ആഘോഷത്തിലേക്ക്‌ കടക്കുകയാണ്‌ നാട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top