22 November Friday

ഓണക്കിറ്റ്‌ വിതരണം ആരംഭിച്ചു; മുണ്ടക്കൈയിലെ 1769 ദുരന്തബാധിത കുടുംബങ്ങൾക്ക്‌ കിറ്റ്‌

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2024

കൽപ്പറ്റ > മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സൗജന്യ ഓണക്കിറ്റ്‌ വിതരണം ആരംഭിച്ചു. ദുരന്തബാധിത പ്രദേശത്തെ മുഴുവൻ റേഷൻകാർഡ്‌ ഉടമകൾക്കും 13 ഇന അവശ്യസാധനങ്ങളടങ്ങിയ കിറ്റാണ്‌ നൽകുന്നത്‌. രണ്ട്‌ റേഷൻ കടകളിലായി 1769 കാർഡ്‌ ഉടമകളാണുള്ളത്‌. ഭൂരിഭാഗംപേരും ചൂരൽമലയിൽനിന്ന്‌ മാറിയതിനാൽ അവർ താമസിക്കുന്ന പ്രദേശങ്ങളിലെ റേഷൻകടകളിൽ കൂടുതൽ കിറ്റ്‌ ഉറപ്പുവരുത്തിയാണ്‌ എല്ലാവരിലേക്കും എത്തിക്കുന്നത്‌. 100ഗ്രാം വീതം തേയിലപ്പൊടി, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,  250 ഗ്രാം വീതം ചെറുപയർപരിപ്പ്‌, സേമിയാപായസം മിക്‌സ്‌, തുവരപരിപ്പ്‌, 50ഗ്രാം കശുവണ്ടി പരിപ്പ്‌, 500 മില്ലി വെളിച്ചെണ്ണ, 50 മില്ലി നെയ്യ്‌, ഒരുകിലോ പൊടിയുപ്പ്‌, തുണിസഞ്ചി എന്നിവ ഉൾക്കൊള്ളുന്നതാണ്‌ ഒരു കിറ്റ്‌. ദുരന്തത്തിൽ റേഷൻ കാർഡുകൾ നഷ്‌ടമായ മുഴുവനാളുകൾക്കും ദിവസങ്ങൾക്കുള്ളിൽ പുതിയത്‌ നൽകിയിരുന്നു.

കൈനിറയെ സാധനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങി. 5,87,574 എഎവൈ കാർഡ്‌ (മഞ്ഞക്കാർഡ്‌) ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധിത മേഖലയിലെ എല്ലാ കുടുംബങ്ങൾക്കുമായി  ആറുലക്ഷത്തോളം സൗജന്യ കിറ്റുകളുടെ വിതരണമാണ്‌ ആരംഭിച്ചത്‌. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ  മന്ത്രി ജി ആർ അനിൽ സംസ്ഥാന ഉദ്‌ഘാടനം നിർവഹിച്ചു. പതിനാലിനകം വിതരണം പൂർത്തീകരിക്കും.

  ഓണക്കാലത്ത് വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. എഎവൈ കാർഡുകാർക്ക് നൽകുന്ന 30 കിലോ അരിയിൽ 50 ശതമാനം ചമ്പാവരി നൽകാനാണ് തീരുമാനം. 55 ലക്ഷത്തോളം വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി അധികമായി നൽകും. ഓണക്കിറ്റ് നൽകാനായി 34.29 കോടി രൂപയാണ് സർക്കാർ മാറ്റിവച്ചത്. സപ്ലൈകോ വഴിയുള്ള ഉൽപ്പന്ന വിതരണത്തോട് ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

  ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top