22 December Sunday
വൈറലായി എംഎൽഎമാരുടെ സംഗീത ആൽബം

ജനനായകർ പാടി 
‘ഒന്നിങ്ങു പോരുമോ മാവേലി...'

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

കരുനാഗപ്പള്ളി > മനോഹരമായ ഒരു ഓണപ്പാട്ട് സംഗീത ആൽബമാക്കാൻ തീരുമാനിച്ചപ്പോൾ മാധ്യമപ്രവർത്തകനും കാമറാമാനുമായ ഗോപു നീണ്ടകരയ്ക്ക് ഒരു ആഗ്രഹം. ഇത് രണ്ടു നിയമസഭാ സാമാജികരെക്കൊണ്ട് പാടിച്ചാലോയെന്ന്. ആഗ്രഹം സഫലീകരിക്കാൻ ജനപ്രതിനിധികളെ തന്നെ നേരിട്ടുകാണാൻ തീരുമാനിച്ചു. സംഗതി അറിഞ്ഞതോടെ എംഎൽഎമാരും ഉഷാർ. അങ്ങനെ ആ സംഗീത ആൽബം പിറന്നു. ഗോപുവിന്റെ ആഗ്രഹവും സഫലമായി. രണ്ടുമാസം മുമ്പ്‌ തന്നെ റെക്കൊഡിങ്‌ അടക്കം പൂർത്തിയായിരുന്നു.

ചരിത്രത്തിൽ ആദ്യമായി രണ്ട് എംഎൽഎമാർ പാടിയ ഓണപ്പാട്ട് സംഗീത ആൽബമായി ഇക്കുറി മലയാളികൾക്ക് മുന്നിലേക്കെത്തും. അരൂർ എംഎൽഎയും ഗായികയുമായ ദലീമയും ചവറ എംഎൽഎ സുജിത്‌ വിജയൻപിള്ളയുമാണ് ഓണപ്പാട്ട് പാടിയിരിക്കുന്നത്. ‘ഒന്നിങ്ങു പോരുമോ മാവേലി' എന്ന ആൽബത്തിലെ വരികൾ മാധ്യമ പ്രവർത്തകൻ കൂടിയായ ജോയി തമലത്തിന്റേതാണ്. കടമ്പനാട് ബോയ്സ് ഹൈസ്കൂളിലെ സംഗീത അധ്യാപകനും സംഗീത സംവിധായകനുമായ കൃഷ്ണലാലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചവറ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച സംഗീത ആൽബം സംവിധാനം ചെയ്ത് ജനങ്ങളിൽ എത്തിക്കുന്നത് ഗോപു നീണ്ടകരയാണ്. നിർമാണ നിർവഹണത്തിൽ പള്ളിശ്ശേരിൽ ജെ അരുൺഘോഷും ഒപ്പം ചേർന്നു. എംഎൽഎ ആകുന്നതിനുമുമ്പുതന്നെ ഗായികയെന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് ദലീമ. ജനകീയ ഡോക്ടർ എന്ന നിലയിൽ ശ്രദ്ധേയനായ സുജിത്‌ വിജയൻപിള്ള നിരവധി വേദികളിൽ പാട്ടുപാടിയിട്ടുണ്ട്‌. എന്നാൽ, പ്രൊഫഷണലായി ഒരു സംഗീത ആൽബത്തിൽ പാടി അഭിനയിക്കുന്നത് ഇതാദ്യം. ആൽബത്തിന്റെ പ്രകാശനം വെള്ളി വൈകിട്ട് എംഎൽഎമാർ അവരുടെ എഫ്ബി പേജിലൂടെ നിർവഹിച്ചു. പൊതുപ്രവർത്തനത്തിനോടൊപ്പം സംഗീതത്തെയും ജീവിതത്തോട് ചേർത്തുനിർത്തുന്ന രണ്ടു നിയമസഭാ സാമാജികർ ചേർന്ന് ഇത്തവണ എന്തായാലും മലയാളികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ സംഗീത അനുഭവമായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top