16 September Monday

ഓണപ്പന്തൊരുക്കുന്ന തിരക്കിൽ തച്ചോണത്തുകാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

കൊല്ലം > ഓണമെത്തി, നാടൻ പന്തുകളുടെ പെരുമയുള്ള തച്ചോണത്തുകാർ പന്തൊരുക്കത്തിന്റെ തിരക്കിലാണ്‌. കൊട്ടാരക്കര, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളുടെ ചില ഭാഗങ്ങളിൽ എല്ലാ ഓണക്കാലത്തും പതിവുതെറ്റാതെ നടക്കുന്ന നാടൻ പന്തുകളിക്ക്‌ തച്ചോണത്തുകാരുടെ നാടൻ പന്തില്ലാതെ പറ്റില്ല. ഉത്രാടംമുതൽ ഇരുപത്തെട്ടാം ഓണംവരെയാണ്‌ വീറും വാശിയുമുള്ള പന്തുകളി മത്സരം. കടയ്ക്കൽ, കല്ലറ മേഖലകളിലെ ക്ലബ്ബുകളുടെ ഓണാഘോഷ പരിപാടികളിലും പ്രധാനയിനം നാടൻപന്തുകളിയാണ്‌.

കിളിമാനൂർ പോങ്ങനാട് മേഖലയിലും പന്തുകളി മത്സരം നടത്താറുണ്ട്‌. റബർപാൽ കൊണ്ട് പ്രത്യേകരീതിയിൽ നിർമിച്ച പന്തുകളാണിപ്പോൾ പ്രചാരത്തിൽ. കാണികളെ ആവേശത്തിമിർപ്പിലാക്കുന്ന പന്തുകളിയില്ലാതെ ഇവിടങ്ങളിൽ ഓണമില്ല. ഒരോ ടീമിലും അഞ്ചുപേർ വീതമുണ്ടാകും. കൈപ്പന്തടിക്കാനും കാൽപ്പന്തു തട്ടാനും സ്‌പെഷ്യലിസ്റ്റുകൾതന്നെയുണ്ട്‌. മറ്റു പല നാടൻ കളികളെപ്പോലെ തലമുറകൾ കൈമാറി വന്നതാണ്‌ ഓണപ്പന്തുകളിയും. തച്ചോണത്തെ വട്ടകൈത കുടുംബമാണ് കാലങ്ങളായി കളിക്കുവേണ്ടുന്ന പന്തുകൾ തയ്യാറാക്കിയിരുന്നത്. ഓണക്കാലത്ത് വിവിധയിടങ്ങളിൽനിന്ന് നിരവധി പേരാണ് പന്തുതേടി ഇവിടെ എത്തിയിരുന്നത്.

തച്ചോണം അഞ്ചുമല കുന്നിലെ വിമൽ റോയിയും ശേഖരനും മാത്രമാണ് നിലവിൽ പന്തുനിർമിക്കുന്നത്‌. മുൻ തലമുറയിൽനിന്ന്‌ കണ്ടുപഠിക്കുകയായിരുന്നു ഇരുവരും. ഒരു പന്ത്‌ രൂപപ്പെടുത്തുന്നതിന് ഒത്തിരി അധ്വാനം വേണമെന്നാണ് വിമൽ റോയി പറയുന്നത്. റബർ ഷീറ്റുണ്ടാക്കുന്ന മാതൃകയിൽ റബർപാലും ആസിഡും വെള്ളവും പ്രത്യേക അനുപാതത്തിൽ ചേർത്ത് വാ വട്ടമുള്ള പാത്രത്തിൽ ഇറക്കുന്നതാണ് ആദ്യഘട്ടം. ഷീറ്റ് പരുവത്തിലാകുമ്പോൾ വശങ്ങൾ ഒട്ടിച്ചുചേർത്ത് വായു കടത്തി ബലൂൺ രൂപത്തിലാക്കണം.

ഇത്‌ നന്നായി ഉണക്കിയശേഷം തുണിചുറ്റി ആസിഡും വെള്ളവും ചേർക്കാത്ത റബർപാലിൽ മുക്കിയെടുക്കണം. വെയിലത്ത്‌ ഉണക്കിയെടുക്കണം പിന്നീട്‌. തുടർന്ന് ഒട്ടുകറ വള്ളികൾ ചുറ്റി വലിപ്പം കൂട്ടും. റബർ പാലിൽ വീണ്ടുംമുക്കി വെയിലത്ത് ഉണക്കിയെടുക്കുമ്പോഴാണ് പന്തുകൾ പാകമാകുന്നത്. ഒരു പന്ത് നിർമിക്കാൻ മൂന്നു ദിവസമെടുക്കും. വെയിൽ കുറവാണെങ്കിൽ കൂടുതൽ ദിവസം വേണ്ടിവരുമെന്ന് വിമൽ റോയി പറയുന്നു. ഒരു പന്തിന് ഇരുന്നൂറ് രൂപയാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top