ചേലക്കര > തൃശൂർ ചേലക്കരയിൽ ഓണാഘോഷം എന്നാൽ തലമപ്പന്തുകളിയാണ്. മുഖാരിക്കുന്ന് ഗ്രൗണ്ടിൽ പന്ത് ഉരുണ്ട് തുടങ്ങുന്നതോടെ ആരംഭിക്കുന്ന ഓണാഘോഷം തലമകളിയുടെ കലാശക്കൊട്ടോടെയാണ് അവസാനിക്കുന്നത്. ഓണക്കാലത്ത് നിത്യേന വൈകുന്നേരങ്ങളിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ചേലക്കരയിലെ ആബാലവൃദ്ധം ജനങ്ങൾ ഗ്രൗണ്ടില്‍ ഒത്തുചേരും. കളി മുറുകിത്തുടങ്ങിയാൽ പ്രദേശം ആർപ്പുവിളികൾ കൊണ്ട് നിറയും. ചേലക്കരയുടെ സ്വന്തം തലമപ്പന്തിന്റെ നിയമങ്ങളും ചട്ടങ്ങളും അറിയാത്ത പുറംദേശക്കാർ എവിടെ, എന്തിന് കയ്യടിക്കണം എന്നൊന്നും മനസിലാകാതെ അന്തംവിട്ടു നിക്കും.
കൈകൊണ്ടും കാലുകൊണ്ടും കളിക്കുന്ന പന്ത് കളിയാണ് തലമപ്പന്ത്. ഒരു ടീമിൽ ഏഴ് പേർ മത്സരിക്കാനും രണ്ട് പേർ എക്സ്ട്രായും ഉണ്ടാകും. തലമ, ഒറ്റ, എരട, തൊടമ, പിടിച്ചാൽ, കാക്കോടി, ഓടി എന്നിങ്ങനെ ഏഴ് തരത്തിലുള്ളതാണ് കളിയുടെ രീതി. മൃഗത്തോലിൽ ചകിരിച്ചോറു പൊതിഞ്ഞുണ്ടാക്കുന്ന പന്തുകൊണ്ടാണ് കളി. തലമ മുതൽ ഓടി വരെയുള്ള ഓരോ ഘട്ടവും പുറത്താകാതെ മൂന്നുവീതം കളിക്കും. പന്ത് കളിക്കളത്തിന് പുറത്തുപോകുകയോ പന്തിനെ അടിക്കാൻ സാധിക്കാതാകുകയോ ചെയ്താൽ പട്ടം എന്ന കുറ്റിയെ പന്തുകൊണ്ട് എറിഞ്ഞുവീഴ്ത്തി കളിക്കുന്നയാളുടെ മത്സരഘട്ടം അവസാനിപ്പിക്കാൻ കഴിയും. അല്ലാത്ത പക്ഷം ഏഴു ഘട്ടങ്ങളിലെ മത്സരത്തിൽ ഓരോ ഘട്ടവും ഒരേ കളിക്കാരന് കളിച്ച് മുന്നിലെത്താം. തലമ മുതൽ ഓരോ കളിയും പുറത്താകാതെ മൂന്ന് വീതം കളിച്ച് ഓടിയിൽ അവസാനിക്കുന്ന ടീം മറുടീമിനെതിരെ പട്ടം വച്ചതായും നിശ്ചിത സമയത്തിനുള്ളിൽ രണ്ട് വട്ടം പട്ടം വയ്ക്കുന്ന ടീംവിജയിച്ചതായും റഫറി പ്രഖ്യാപിക്കും. ചിലപ്പോൾ മിനിറ്റുകൾ കൊണ്ട് തീരുന്ന കളി മറ്റു ചിലപ്പോൾ മണിക്കൂറുകൾ നീളും. ദിവസങ്ങൾ നീണ്ടു പോയ മത്സരങ്ങളും ഏറെയാണ്.
തലമപ്പന്തിന്റെ കളിത്തരങ്ങളൊക്കെ എത്ര വിശദീകരിച്ചാലും പുറംനാട്ടുകാർക്ക് അത്ര പെട്ടെന്നൊന്നും പിടികിട്ടില്ല എന്നതാണ് സത്യം. 150 വർഷം പഴക്കമുള്ള കളിയാണിതെന്നാണ് പഴമക്കാർ പറയുന്നത്. മുൻപൊക്കെ പഞ്ചായത്താണു മത്സരം നടത്തിയിരുന്നത്. ഇപ്പോൾ പത്തുകുടി നെഹ്റു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് സംഘാടകർ. 41 ടീമുകളാണു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. സാധാരണ അത്തത്തിനു തുടങ്ങിയിരുന്ന മത്സരം ഇത്തവണ നേരത്തെ തുടങ്ങി. മത്സരം ആരംഭിക്കുന്ന ദിവസം മുൻകൂട്ടി നിശ്ചയിക്കാമെങ്കിലും കലാശക്കൊട്ട് എന്ന് നടക്കുമെന്ന് കളി കണ്ടറിയണം. എന്തായാലും ഈ വർഷത്തെ കലാശക്കൊട്ട് 29ന് നടക്കും. എൻസി യുണൈറ്റഡ് നാട്യൻചിറയും പത്തുകുടി ചീപ്പാറ കളക്ഷൻ ബോയ്‌സും തമ്മിൽ ഞായറാഴ്ച പകൽ 2.30നാണ് ഫൈനൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..