കോഴിക്കോട് > പ്രതികൂല കാലവസ്ഥയിൽ കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. കേരളത്തിൽ കഴിഞ്ഞയാഴ്ച ചില്ലറവിപണിയിൽ 40 മുതൽ 50 രൂപയായിരുന്ന സവാളയുടെ വില ഈ ആഴ്ച പലയിടത്തും 90 രൂപയിലെത്തിയിരിക്കുന്നു. കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും കിലോയ്ക്ക് 65--–-75 രൂപ വരെയാണ് മൊത്ത വിപണിയിലെ വില.
കർണാടക, മഹാരാഷ്ട്രയിലെ നാസിക്, പുനെ, എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് ഉള്ളി എത്തുന്നത്. ഈ പ്രദേശങ്ങളിൽ മഴയെ തുടർന്ന് വ്യാപകമായി കൃഷി നശിച്ചുപോയിരുന്നു. പാടങ്ങൾ വെള്ളത്തിലായതിനാൽ പലയിടത്തും വിളവെടുപ്പ് പ്രതിസന്ധിയിലാണ്. ഉദ്പാദനം കുറഞ്ഞതും വിലവർധനവിന് കാരണമായിട്ടുണ്ട്. മുൻവർഷങ്ങളെ 25% മാത്രമാണ് ഇത്തവണത്തെ ഉത്പാദനം. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം വില വീണ്ടും ഉയരുമെന്നാണ് സൂചന. മഹാരാഷ്ട്രക്ക് പുറത്തേക്ക് സവാള കയറ്റിവിടുന്നതിന്റെ അളവ് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ക്വിന്റലിന് 5,400 രൂപ എന്ന റെക്കോഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ ലേലം നടക്കുന്നത്. കേരളത്തിൽ 50 കിലോ സവാള ആവശ്യപ്പെടുമ്പോൾ 20 കിലോ മാത്രമാണ് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ദീപാവലിയോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ ഒരാഴ്ച മാർക്കറ്റ് അവധിയായതും കേരളത്തിലടക്കം വില ഉയരാൻ കാരണമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..