24 November Sunday

ലാവോസ്‌ മനുഷ്യക്കടത്ത്‌: ഇരകളെ തട്ടിപ്പുസംഘത്തിന്‌ 
കൈമാറുന്നയാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

മട്ടാഞ്ചേരി
ഓൺലൈൻ തട്ടിപ്പിനായി ലാവോസിലേക്ക്‌ മനുഷ്യക്കടത്ത് നടത്തിയ കേസിൽ രണ്ടാംപ്രതി അറസ്‌റ്റിൽ. പള്ളുരുത്തി തങ്ങൾനഗർ സ്വദേശി ബാദുഷ (34)യെയാണ് തോപ്പുംപടി ഇൻസ്പെക്ടർ സി ടി സഞ്ജീവ്, എസ്ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്തത്. ഒന്നാംപ്രതി പള്ളുരുത്തി തങ്ങൾനഗർ സ്വദേശി അഫ്സർ അഷറഫ് കഴിഞ്ഞദിവസം അറസ്‌റ്റിലായിരുന്നു. ഇയാൾ നാട്ടിൽനിന്ന് കയറ്റി അയക്കുന്നവരെ ലാവോസിൽ എത്തിയശേഷം തട്ടിപ്പുകേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നത്‌ ബാദുഷയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

അഫ്സർ ലാവോസിൽ ഉണ്ടായിരുന്നപ്പോൾ ബാദുഷയും അവിടെയുണ്ടായിരുന്നു. അവിടെവച്ചാണ്‌ ഇവർ പരിചയത്തിലായത്‌. അഫ്സർ നാട്ടിലെത്തിയശേഷം ബാദുഷയുമായി ചേർന്ന്‌ മനുഷ്യക്കടത്ത് ആരംഭിക്കുകയായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു. അഫ്സറിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും വീടുകൾ പരിശോധിച്ചിരുന്നു.

തട്ടിപ്പുകേന്ദ്രത്തിൽ അകപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കവും തുടങ്ങി. എറണാകുളം പനമ്പിള്ളിനഗർ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.

ലാവോസിൽ ‘യിങ് ലോങ്‌’ എന്ന ചൈനീസ്‌ കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ്‌ സ്കീമിൽ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറുപേരെ ലാവോസിലേക്ക് കൊണ്ടുപോയത്. ഇവരിൽനിന്ന്‌ 50,000 രൂപവീതം വാങ്ങി. തുടർന്ന്‌ ഒരാൾക്ക്‌ നാലുലക്ഷം രൂപവീതം ‘വില’ ഇട്ട്‌ കമ്പനിക്ക് വിൽക്കുകയായിരുന്നുവെന്നാണ് പരാതി. ആറുപേരാണ് രക്ഷപ്പെട്ട് മടങ്ങിയെത്തിയത്. കേസിൽ കേന്ദ്ര ഏജൻസികൾ ഇടപെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top