17 September Tuesday

പ്രവാസിയുടെ 
അക്കൗണ്ടിൽനിന്ന്‌ 
10 ലക്ഷം തട്ടിയ 
അസംകാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024



കാസർകോട്‌
ഓൺലൈൻ ബാങ്കിങ് സംവിധാനം ഉപയോഗിക്കാത്ത പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ 10 ലക്ഷം രൂപ  തട്ടിയെടുത്ത കേസിൽ അസം സ്വദേശികളായ രണ്ടുപേർ അറസ്‌റ്റിൽ. കാസർകോട് പൊലീസ്  രജിസ്റ്റർചെയ്ത സൈബർകേസിൽ അസം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (19), ഫോയിജുൽ ഹക്ക് (41) എന്നിവരെയാണ് ഇൻസ്‌പെക്ടർ പി നളിനാക്ഷന്റെ നേതൃത്വത്തിൽ പിടികൂടിയത്‌. അസം സ്വദേശിയായ മറ്റൊരു പ്രതി ഒളിവിലാണ്.

പ്രവാസിയായ കാസർകോട്‌ സ്വദേശി കാസർകോട്‌ ബാങ്ക് റോഡിലുള്ള ഐസിഐസിഐ ബാങ്കിൽ എൻആർഐ അക്കൗണ്ടിൽ നിക്ഷേപിച്ച പണമാണ് തട്ടിയെടുത്തത്. 2023 ഏപ്രിൽ ഒന്നിനും 2024 ജൂൺ 30-നും ഇടയ്ക്ക് പല തവണകളായാണ് പണം ഓൺലൈനായി പിൻവലിച്ചത്. പ്രവാസിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഫോൺവഴി ഓൺലൈൻ ഇടപാട്‌ നടത്താത്ത ഇദ്ദേഹത്തിന്റെ പണം  എങ്ങനെ മറ്റൊരാൾ പിൻവലിച്ചെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കി. ഇൻസ്‌പെക്ടർ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രവാസിയുടെ അക്കൗണ്ടിന്റെ ഓൺലൈൻ ഇടപാട്‌ നടന്നത് മലപ്പുറം, തൃശൂർ ജില്ലകളിലും അസമിലെ നാഗോൺ ജില്ലയിലുമാണെന്ന്‌ മനസ്സിലാക്കി. അന്വേഷകസംഘം അസമിലെത്തി പ്രതികളിൽ മൂന്നുപേർ മാരിഗോൺ ജില്ലയിലുള്ളവരാണെന്നു തിരിച്ചറിഞ്ഞു. അസം പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇവരുടെ താമസസ്ഥലത്തുനിന്ന്‌ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന്‌ വ്യക്തമായി. തുടർന്നാണ്‌ പ്രതികളെ  പിടികൂടാനായത്‌.

സബ് ഇൻസ്പെക്ടർ പി റുമേഷ്, സീനിയർ സിപിഒമാരായ എം ചന്ദ്രശേഖരൻ, പി സതീശൻ, പി വി ലിനീഷ്, കെ ടി അനിൽ, വി ശ്രീജേഷ്, കെ എം സുനിൽകുമാർ എന്നിവരും അന്വേഷക സംഘത്തിലുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top