തിരുവനന്തപുരം > ശബ്ദത്തെ അക്ഷരമാക്കി മാറ്റുന്ന ‘വിസ്പർ എഐ’ സംവിധാനത്തിലെ പിഴവ് കണ്ടെത്തി ഡിജിറ്റൽ സർവകലാശാലയിലെ ഗവേഷകർ. വാക്കുകളെഴുതുമ്പോൾ ഇന്ത്യൻ ഭാഷകളിലെ സ്വരചിഹ്നങ്ങൾ ഒഴിവായിപ്പോകുന്നതിലൂടെ വാക്യത്തിലുണ്ടാകുന്ന തെറ്റാണ് ഗവേഷക സംഘം ചൂണ്ടിക്കാട്ടിയത്. ഓപ്പൺ എഐയുടെ വിസ്പർ സംവിധാനത്തിന്റെ പരിശോധനയിലാണ് നിർണായകമായ കണ്ടെത്തൽ നടത്തിയത്.
ചിഹ്നങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാത്തതുകൊണ്ട് തെറ്റുകളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ പിഴവുകൾ മെറ്റയുടെ എഐ മോഡലുകളിൽ ആവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ സർവകലാശാലയിലെ ഡോ. എലിസബത്ത് ഷേർളിയുടെ നേതൃത്വത്തിലുള്ള വെർച്വൽ റിസോഴ്സ് സെന്റർ ഫോർ ലാംഗ്വേജ് കംപ്യൂട്ടിങ് (വിആർസിഎൽസി) കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹർ, ലീന ജി പിള്ള എന്നിവരാണ് കണ്ടെത്തലിനുപിന്നിൽ. ഗവേഷണപ്രബന്ധം ഫ്ലോറിഡയിൽ നടക്കുന്ന എംപിരിക്കൽ മെതേഡ്സ് ഇൻ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (ഇഎംഎൻഎൽപി 2024) എന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുള്ള അംഗീകാരമായി അസോസിയേഷൻ ഓഫ് കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ ഗ്രാന്റും ലഭിച്ചു. പ്രാദേശിക ഭാഷകളിലെ എഐ കംപ്യൂട്ടിങ് ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിൽനിന്ന് വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് ഭാഷാപരമായ സവിശേഷതകൾക്ക് ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഡിജിറ്റൽ സർവകലാശാലയിലെ ഭാഷാഗവേഷണകേന്ദ്രം നടപ്പാക്കുന്നതെന്ന് ഡോ. എലിസബത്ത് ഷേർളി പറഞ്ഞു.
ഡിജിറ്റൽ സർവകലാശാലയിലെ വിർച്വൽ റിസോഴ്സ് സെന്റർ ഫോർ ലാംഗ്വേജ് കംപ്യൂട്ടിങ് (വിആർസിഎൽസി) കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹറും ലീന ജി പിള്ളയും മേധാവി ഡോ. എലിസബത്ത് ഷേർളിക്കൊപ്പം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..