14 November Thursday

നല്ല ഭക്ഷണം നാടിന്റെ അവകാശം, മീനിലെ മായം കണ്ടെത്താൻ 'ഓപ്പറേഷൻ മത്സ്യ': റെയ്‌ഡുകൾ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Friday Apr 22, 2022

തിരുവനന്തപുരം> സംസ്ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ പുതിയൊരു കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷൻ മത്സ്യ' ആവിഷ്‌ക്കരിച്ചു.

സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താൻ എല്ലാ ജില്ലകളിലും റെയ്‌ഡുകൾ ശക്തമാക്കി പരിശോധനകൾ ഉറപ്പാക്കും. കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതാണ്. അവർക്ക് തന്നെ മായം കണ്ടെത്താൻ കഴിയുന്ന ബോധവത്ക്കരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാൽ തന്നെ മായം ചേർത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തിൽ മനസിലാക്കാൻ സാധിക്കും. കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിൽ അയയ്ക്കുന്നതാണ്. ഭക്ഷ്യ വസ്‌‌തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാർക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകൾ, പാൽ, ശർക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

പൊതുജന പങ്കാളിത്തത്തോടു കൂടിയായിരിക്കും കാമ്പയിൻ നടപ്പിലാക്കുക. ഭക്ഷ്യ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. അതത് ജില്ലകളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂർ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂർ 8943346193, കാസർഗോഡ് 8943346194

മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിരുന്നു. മീനിലെ മായം കണ്ടെത്താൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് 696 പരിശോധനകളാണ് നടത്തിയത്. 772 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. കേടായ 1925 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പുതിയ കാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top