എടക്കര (മലപ്പുറം)
രക്തബന്ധമില്ലാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി അവയവദാനമാകാമെന്ന ഹൈക്കോടതി വിധിക്കുപിറകിൽ ചുങ്കത്തറ മാമ്പൊയിലിലെ തോട്ടക്കര ഷൗക്കത്തലിയുടെ നിരന്തര സഞ്ചാരമുണ്ട്. വൃക്കരോഗിയായ മകൻ സുബിനുവേണ്ടിയാണ് ഷൗക്കത്തലി ദാതാക്കളെ തേടിയിറങ്ങിയത്. ബന്ധു വൃക്ക നൽകാൻ തയ്യാറായെങ്കിലും മെഡിക്കൽ പരിശോധനയിൽ യോജിച്ചില്ല. ദാതാക്കളെ തേടിയുള്ള അന്വേഷണത്തിലാണ് മെഡിക്കൽ കോളേജ് ഉൾപ്പെടെ കോഴിക്കോട് നഗരത്തിലെ അഞ്ച് ആശുപത്രികളിൽ മുപ്പതോളം പേർ രക്തബന്ധത്തിന്റെ പേരിൽമാത്രം അവയവദാനം നടത്താനാവാതെ വിഷമിക്കുന്ന വിവരം അറിഞ്ഞത്. ഇവരിൽ പല ദാതാക്കളുടെയും പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. പക്ഷെ, നിയമം തടസ്സമായി. ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി സമ്മാനിച്ചത്.
മകൻ സുബിന് വൃക്കരോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഷൗക്കത്തലി തളർന്നില്ല. വൃക്കദാതാവിനായി അന്വേഷണമായി. ഒരുതവണ വൃക്ക മാറ്റിവച്ചെങ്കിലും വിജയിച്ചില്ല. രണ്ടാം തവണ വൃക്കദാനത്തിന് സഹോദരീഭർത്താവ് അബ്ദുള്ള തയ്യാറായി. പക്ഷെ, മെഡിക്കൽ പരിശോധന വിജയിച്ചില്ല. തൃശൂർ സ്വദേശി നിഷക്ക് ബന്ധു സത്യനും വിജയലക്ഷ്‌മിക്ക് ബന്ധു ബാലനും അവയവദാനത്തിന് തയ്യാറായിരുന്നു. പക്ഷെ, പരിശോധനാ ഫലം യോജിച്ചില്ല.
മെഡിക്കൽ ബോര്‍ഡ് പരിശോധനയിൽ സുബിന് ബാലന്റെയും നിഷക്ക് അബ്ദുള്ളയുടെയും വിജയലക്ഷ്‌മിക്ക് സത്യന്റെയും പരിശോധനാഫലം യോജിച്ചു. പക്ഷെ, രക്തബന്ധമില്ലാത്തത് തടസ്സമായി. തുടർന്ന് മൈഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സഹിതം ഓതറൈസേഷൻ സമിതിക്ക് അപേക്ഷ നൽകി. പൊലീസുകാർ വീട്ടിലും നാട്ടിലും അന്വേഷണത്തിനെത്തി. എല്ലാ അന്വേഷണവും പൂർത്തിയാക്കി റിപ്പോർട്ട് നൽകി. എന്നിട്ടും ഇവരുടെ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഇവർ നിയമ പോരാട്ടം ആരംഭിച്ചത്. കഴിഞ്ഞദിവസം വന്ന ഹൈക്കോടതിയുടെ നിർണായക വിധി സമാന കേസിലകപ്പെട്ട് ചികിത്സ വഴിമുട്ടിയ നിരവധിപേർക്ക് ആശ്വാസമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..