കുമളി > പെരിയാറിന്റെ പേരിലുമുണ്ട് ഒരു അപൂർവയിനം ഓർക്കിഡ്. ലോകത്തിൽ തേക്കടിയിൽ മാത്രമായി കാണപ്പെടുന്ന ചില അപൂർവയിനം മത്സ്യങ്ങളെയും ചിത്രശലഭങ്ങളെയും പക്ഷികളെയും പോലെയാണ് ‘ഹബെനേരിയ പെരിയാറെൻസിസ്’ എന്ന ഓർക്കിഡ് പുഷ്‌പവും. ലോകത്തിൽ പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. പെരിയാർ കടുവാ സങ്കേതത്തിൽനിന്ന് കണ്ടെത്തിയതുകൊണ്ടാണ് ഇവയുടെ പേരിനൊപ്പം പെരിയാറും ചേർത്തത്. സസ്യശാസ്ത്രജ്ഞരായ സി എസ് കുമാറും ആർ ശ്രീധറും ജോമി അഗസ്റ്റിനും ചേർന്നാണ് 2018-ൽ ഹബെനേരിയ പെരിയാറെൻസിസിനെ തിരിച്ചറിഞ്ഞത്.
ഓർക്കിഡേസിയെ കുടുംബത്തിൽപ്പെട്ട സസ്യമാണ് ഇവ. ഇളംപച്ചകലർന്ന വെളുത്ത പൂക്കളും കൂർത്ത ആകൃതിയിലുള്ള ഇലകളും ഇതിന്റെ പ്രത്യേകതയാണ്. 30 മുതൽ -60 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ ഒന്നിലധികം പൂക്കളുള്ള, കുത്തനെനിൽക്കുന്ന പൂങ്കുലയായി കാണപ്പെടുന്നു. പൂവിന് 15 സെന്റിമീറ്ററോളം നീളമുണ്ടാകും. അതിലോലമായ പൂക്കളാൽ സവിശേഷമായ ഹബെനേരിയ പെരിയാറെൻസിസ് സാധാരണയായി മഴക്കാലത്താണ് പുഷ്‌പിക്കുന്നത്. 800-–1200 മീറ്റർ ഉയരത്തിൽ പാറക്കെട്ടുകളും തണലുള്ളതും ഈർപ്പമുള്ളതുമായ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇതുകൂടാതെ ഏകദേശം 140 ഇനം ഓർക്കിഡേസിയെ സസ്യങ്ങളും സങ്കേതത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഐയുസിഎൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നതായി പട്ടികപ്പെടുത്തിയിരിക്കുന്ന പെരിയാറെൻസിസ് ആവാസവ്യവസ്ഥയുടെ നഷ്ടം, വനനശീകരണം എന്നിവമൂലം ഭീഷണി നേരിടുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്. നഗരവൽക്കരണവും ഖനനവുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ നാശത്തിലേക്ക് നയിക്കുന്നുണ്ട്. പെരിയാർ കടുവാസങ്കേതത്തിന്റെ ജൈവ വൈവിധ്യത്തിന്റെകൂടി പ്രതീകമാണ് ഈ അപൂർവ സസ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..