ന്യൂഡൽഹി
ഓർത്തഡോക്‌സ്, യാക്കോബായ തർക്കത്തിൽ പ്രധാന നിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, പള്ളികളുമായി ബന്ധപ്പെട്ട സെമിത്തേരി, സ്‌കൂൾ, ആശുപത്രി പോലെയുള്ള പൊതുസംവിധാനം ഉപയോഗിക്കുന്നതിൽനിന്ന് ഒരു വിഭാഗത്തെയും വിലക്കരുതെന്നും നിർദേശിച്ചു. സെമിത്തേരിയടക്കം ഉപയോഗിക്കണമെങ്കിൽ സഭയുടെ 1934ലെ ഭരണഘടനയോട് കൂറുപ്രഖ്യാപിക്കണമെന്ന് നിർബന്ധം പിടിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
ഇവ പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ അനിവാര്യമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. 2017ലെ വിധിക്കുശേഷം തങ്ങൾ സമർപ്പിച്ച ചില പ്രധാനപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് യാക്കോബായ വിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി. എന്നാൽ, ആ വിധി നടപ്പാക്കാൻ തയ്യാറാകാത്ത താങ്കളുടെ കക്ഷിയുടെ നിലപാട് കോടതിഅലക്ഷ്യമാണെന്ന് ജസ്‌റ്റിസ് ഉജ്വൽ ഭുയാൻ പ്രതികരിച്ചു. മുൻ ഉത്തരവ് അനുസരിച്ച് പള്ളികളുടെ ഭരണം കൈമാറിയാൽമാത്രം ആവശ്യങ്ങൾ പരിഗണിക്കാമെന്നും നിരീക്ഷിച്ചു. പള്ളികളുടെ ഭരണം കൈമാറി രണ്ട് ആഴ്‌ച്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി യാക്കോബായ വിഭാഗത്തോട് നിർദേശിച്ചു. ഇരുവിഭാഗങ്ങളും സൗഹൃദത്തോടെ മുന്നോട്ടുപോകണമെന്നും ഒന്നിച്ച് ക്രിസ്‌മസ് ആഘോഷിക്കണമെന്നുമാണ് ആഗ്രഹമെന്നും കോടതി പറഞ്ഞു. 17ന് കേസ് വീണ്ടും പരിഗണിക്കും.
സർക്കാർ ഇടപെടണമെന്ന വാശി ഉപേക്ഷിക്കണം
പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ വാശി പിടിക്കരുതെന്ന് സുപ്രീംകോടതി. മതപരമായ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരമാവധി കുറയ്‌ക്കുന്നതാണ് ഉചിതം. അറ്റകൈ പ്രയോഗമെന്ന നിലയിൽ മാത്രം സർക്കാരും പൊലീസും ഇടപെട്ടാൽ മതി. ആസ്‌തി കൈമാറ്റത്തിന് സർക്കാർ ഇടപെടണമെന്ന് വാശിപിടിക്കുന്നവർ പള്ളികളുടെ സാമ്പത്തികകാര്യങ്ങളിൽ ഇടപെടൽ അംഗീകരിക്കുമോയെന്നും ചോദിച്ചു. അതാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ അതിന് വഴിയൊരുക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി നിലപാട് വ്യക്തമാക്കി.
യാക്കോബായ വിഭാഗം ഭരണകക്ഷിക്ക് വോട്ട് ചെയ്യാമെന്ന് വാഗ്‌ദാനം ചെയ്‌തത് കൊണ്ടാണ് കോടതി ഉത്തരവ് നടപ്പാക്കാൻ താൽപര്യം കാണിക്കാത്തതെന്ന് ഓർത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി ഹാജരായ കൃഷ്‌ണൻ വേണുഗോപാൽ ആരോപിച്ചു. എന്നാൽ, ഇത്തരം വാദങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്ന് ജസ്‌റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നൽകി. യാക്കോബായ വിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്‌ജിത് കുമാർ, ഓർത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ തുടങ്ങിയവരും ഹാജരായി.
തർക്കത്തിലുള്ള പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയില്ലെന്ന് ആരോപിച്ചുള്ള കോടതി അലക്ഷ്യഹർജിയിൽ മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു, പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബ്, എറണാകുളം, പാലക്കാട് കലക്ടർമാർ തുടങ്ങിയവർ ഹാജരാകണമെന്ന് കേരള ഹൈക്കോടതിയുടെ നിർദേശം സുപ്രീംകോടതി ഒഴിവാക്കിയിരുന്നു.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ്‌മേരീസ് ഓർത്തഡോക്‌സ് പള്ളി, പുളിന്താനം സെന്റ്‌ജോൺസ് ബെസ്‌ഫാഗെ ഓർത്തഡോക്‌സ് സിറിയൻ പള്ളി, മഴുവന്നൂർ സെന്റ്‌തോമസ് ഓർത്തഡോക്‌സ് സിറിയൻ പള്ളി, പാലക്കാട് മംഗലംഡാം സെന്റ്‌മേരീസ് ഓർത്തഡോക്‌സ് പള്ളി, എരിക്കിൻചിറ സെന്റ്‌മേരീസ് ഓർത്തഡോക്‌സ് സിറിയൻ പള്ളി, ചെറുകുന്നം സെന്റ്‌തോമസ് ഓർത്തഡോക്‌സ് സിറിയൻ പള്ളി തുടങ്ങിയവയുടെ ഭരണമാണ് കൈമാറേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..