23 December Monday

കെ എൻ രവീന്ദ്രനാഥിന്റെ 
‘ഒരു ചുവന്ന സ്വപ്‌നം’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

‘ഒരു ചുവന്ന സ്വപനം’ പുസ്തക പ്രകാശനത്തിനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 
കെ എൻ രവീന്ദ്രനാഥിനോട് സൗഹൃദ സംഭാഷണത്തിൽ. പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. എം കെ സാനു സമീപം

കൊച്ചി> മുതിർന്ന സിപിഐ എം നേതാവും ട്രേഡ്‌ യൂണിയൻ സംഘാടകനുമായ കെ എൻ രവീന്ദ്രനാഥിന്റെ ‘ഒരു ചുവന്ന സ്വപ്‌നം’ പുസ്‌തകം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രൊഫ. എം കെ സാനുവിന്‌ നൽകി പ്രകാശിപ്പിച്ചു. കരങ്ങൾ ശുദ്ധമായ, കളങ്കമില്ലാത്ത തികഞ്ഞ കമ്യൂണിസ്‌റ്റാണ്‌ കെ എൻ രവീന്ദ്രനാഥെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു.

സ്വത്തിനോടുള്ള ആർത്തിയാണ്‌ മുതലാളിത്ത സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം. എന്നാൽ, സ്വകാര്യ സ്വത്തിനോട്‌ അത്തരം മനോഭാവം പ്രകടിപ്പിക്കാതെ രവീന്ദ്രനാഥ്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ഇക്കാര്യത്തിൽ ഇ എം എസിന്റെ രീതിയാണ്‌ അദ്ദേഹം അവലംബിക്കുന്നത്‌. കെ എൻ ആറിന്റെ സമ്പൂർണ ജീവചരിത്രമുണ്ടാകണം. സമൂഹത്തിന്‌ വേണ്ടിയാണതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

തൊഴിലാളി വർഗത്തിന്റെ മഹർഷിയാണ്‌ കെ എൻ രവീന്ദ്രനാഥെന്ന്‌ പുസ്‌തകം ഏറ്റുവാങ്ങിയ പ്രൊഫ. എം കെ സാനു പറഞ്ഞു. കമ്യൂണിസ്‌റ്റ്‌ ലോകം ആവിർഭവിക്കുമെന്ന ശുഭാപ്‌തിവിശ്വാസം അദ്ദേഹത്തിന്റെ എല്ലാ രചനകളിലുമുണ്ടെന്നും സാനു പറഞ്ഞു.  കോർപറേറ്റുകളുടെ കാലത്ത്‌, തൊഴിലാളികൾക്കിടയിൽ ഐക്യവും യോജിപ്പും ആശയവ്യക്തതയുമുണ്ടാക്കിയാൽമാത്രമേ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കഴിയൂവെന്ന്‌ കെ എൻ രവീന്ദ്രനാഥ്‌ പറഞ്ഞു.
സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ അധ്യക്ഷനായി.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ, എസ്‌ സതീഷ്‌, സി എം ദിനേശ്‌മണി, സി ബി ചന്ദ്രബാബു, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ, മേയർ എം അനിൽകുമാർ, എ പി ലൗലി, ടി വി സൂസൻ, ഷെരീഫ്‌ മരക്കാർ എന്നിവർ സന്നിഹിതരായി. എ സിയാവുദീൻ പുസ്‌തകം പരിചയപ്പെടുത്തി. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ സ്വാഗതവും കെ വി മനോജ്‌ നന്ദിയും പറഞ്ഞു. കെ എൻ രവീന്ദ്രനാഥിന്റെ സംഭാഷണങ്ങളും ലേഖനങ്ങളും അടങ്ങുന്നതാണ്‌ പുസ്‌തകം. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ചരിത്രവഴികളെ അടയാളപ്പെടുത്തുന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ചിന്തയാണ്‌. എ സിയാവുദീനാണ്‌ പുസ്‌തകം തയ്യാറാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top