കാസർകോട് > ഉദുമ മുൻ എംഎൽഎയും സിപിഐ എംന്റെ മുതിർന്ന നേതാവുമായ പി രാഘവൻ(81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലയിരുന്നു. ഇന്ന് പുലർച്ചെ 1.30 ഓടെ മുന്നാട്ടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മുന്നാട് പീപ്പിൾസ് കോളേജിൽ പൊതു ദർശനത്തിന് വെക്കും.
1945 ഒക്ടോബർ 15ന് മുന്നാട് ജനിച്ച അദ്ദേഹം വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കെഎസ്എഫ്ലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന പിആർ അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964ൽ പാർട്ടി അംഗമായി. അന്നു മുതൽ ബേഡകത്തെയും കാസർകോട്ടെയും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. സിപിഐ എം കാസർകോട് ഏരിയാ സെക്രട്ടറിയായിരിക്കെ 1984 കാസർകോട് ജില്ല നിലവിൽ വന്നപ്പോൾ ജില്ലാ കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തു. ദീർഘകാലം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. ട്രേഡ് യൂണിയൻ രംഗത്ത് ക്രിയാത്മകമായ ഇടപെടൽ ആയിരുന്നു അദ്ദേഹം നടത്തിയത്. അസംഘടിത മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ ആയിരുന്നു. 1989 മുതൽ 2012 വരെ സിഐടിയു കാസർകോട് ജില്ലാ സെക്രട്ടറി ആയിരുന്നു.
1991 മുതൽ 2001 വരെ തുടർച്ചയായി 10 വർഷം ഉദുമ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആയ പി ആർ മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി നിർണായകമായ ഇടപെടലാണ് നടത്തിയത്. ജില്ലയിൽ നിരവധി സഹകരണ സ്ഥാപനങ്ങൾ അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് രൂപീകൃതമായത്.
സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും എൽഡിഎഫ് ജില്ലാ കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.എട്ട് വർഷം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻ്റ് ആയ അദ്ദേഹം സിഐടിയു ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന സെക്രട്ടറിയും ആയിരുന്നു. ഭാര്യ കമല. മക്കൾ അജിത്ത് കുമാർ, അരുൺ രാഘവൻ. മരുമക്കൾ: ദീപ, അനു.
മുന്നാട് സ്വദേശിയായ പി രാഘവൻ സഹകാരി പ്രതിഭകൾക്കായി തലശേരി സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ രണ്ടാമത് ഇ നാരായണൻ സ്‌മാരക പുരസ്‌കാരം നേടിയിരുന്നു.
പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നു. സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും എല്‍ഡിഎഫ് ജില്ലാ കണ്‍വീനർ എന്ന നിലയിലും ദീർഘകാലം ജില്ലയിലെ പാർട്ടിയെയും മുന്നണിയെയും നയിച്ചു.
ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവൻ നിരവധി സഹകരണ സംരംഭങ്ങൾക്ക് കാസർകോട് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. സിഐടിയു നേതാവെന്ന നിലയിൽ ജില്ലയിലെ തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇ പി അനുശോചിച്ചു
സിപിഐ എം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗവും മികച്ച ട്രേഡ് യൂണിയൻ നേതാവുമായ പി രാഘവന്റെ വേർപാടിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അനുശോചിച്ചു. അവിഭക്ത കണ്ണൂർ ജില്ലയിലും പിന്നീട് -കാസർകോട് ജില്ലയിലും വർഗ–-ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് നിസ്‌തൂലമാണ്.
വിദ്യാർഥി -യുവജന സംഘടനാ പ്രവർത്തനത്തിന കാലം തൊട്ട് അടുത്ത ബന്ധം പുലർത്തിയ സഖാവിന്റെ വിയോഗത്തിലൂടെ പ്രിയ സഹപ്രവർത്തകനെയും സുഹൃത്തിനെയുമാണ് നഷ്‌ടമായത്. മികച്ച സഹകാരി, ട്രേഡ് യൂണിയൻ സംഘാടകൻ തുടങ്ങിയ നിലകളിലെല്ലാം തിളങ്ങി. എംഎൽഎ ആയിരിക്കെ നാടിന്റെ വികസനത്തിനും ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മുൻനിന്ന് പ്രവർത്തിച്ചു. സഖാവിന്റെ കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും ദു.ഖത്തിൽ പങ്ക് ചേരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..