കൊച്ചി > മലയാളികളുടെ ജീവൻ വച്ചുള്ള രാഷ്‌ട്രീയ കളി കോൺഗ്രസ് നടത്തരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്. കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിന് കോൺഗ്രസ് ഗൂഡാലോചന നടത്തുന്നുവെന്ന് പലരും നേരത്തെ പറഞ്ഞിരുന്നു. മനുഷ്യർ മരിച്ചാലും വേണ്ടില്ല അതിനെ തങ്ങളുടെ അധികാര താൽപര്യങ്ങൾക്ക് വളമുള്ള മണ്ണാക്കി മാറ്റാനുള്ള പ്രതിപക്ഷ ആക്രാന്തം ഭയപ്പെടുത്തുന്നതാണ് ‐ രാജീവ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
മനോരമയിൽ വന്ന വാർത്ത പ്രകാരം മുംബൈയിൽ നിന്നുള്ള പ്രത്യേക ട്രെയിൻ സമയത്ത് അറിയിപ്പ് നൽകാതെ കണ്ണൂരും കോട്ടയത്തും നിർത്തുന്നു. ഏറെ വൈകി വിവരം അനൗദ്യോഗികമായി ലഭിച്ചിട്ടും ജില്ലാ ഭരണകൂടം യുദ്ധ സമാന ഇടപെടൽ നടത്തി. പക്ഷേ, ലിസ്റ്റിലുള്ള പലരും യാത്രക്കാരുടെ കൂട്ടത്തിലില്ലെന്നും പലർക്കും പാസുണ്ടായിരുന്നില്ലെന്നും മനോരമ തന്നെ പറയുന്നു. കോൺഗ്രസ് ആവശ്യപ്പെട്ടതു പ്രകാരം മഹാരാഷ്ട്രയിലെ കോൺഗ്രസ് മുന്നണി സർക്കാർ ഏർപ്പെടുത്തിയതാണ് ട്രെയിനെന്നും മനോരമ സാക്ഷ്യപ്പെടുത്തുന്നു.
രോഗം പടരാതിരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെ കോൺഗ്രസ് പുറത്തു നിന്നും കൊണ്ടുവരുന്നു. ട്രെയിൻ വഴിയും ബസ്സ് വഴിയും ആളെ അതിർത്തി കടത്തുന്നു. കോൺഗ്രസ് എം പിമാരും എം എൽ എ മാരും പാസ്സില്ലാതെ വരുന്നവരെ അതിർത്തി കടത്താൻ നേരിട്ടിറങ്ങുന്നു.
ഇത് പുറത്തു നിന്നും വരുന്നവർ ഉൾപ്പെടെയുള്ള മലയാളിയുടെ ജീവൻ വെച്ചുള്ള രാഷ്ട്രീയ കളിയാണ്.
അര ലക്ഷത്തോളം മലയാളികൾ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നാട്ടിലേക്ക് എത്തിയിട്ടുണ്ട്. വരുന്നവർക്ക് സുരക്ഷിതമായ ക്വാറൻ്റൈൻ ഉറപ്പു വരുത്തുവാനും വാർഡ് കമ്മിറ്റി മുതലുള്ള മേൽനോട്ടം ഉറപ്പുവരുത്താനും മുൻകൂട്ടിയുള്ള ക്രമീകരണം അത്യാവശ്യമാണ്. വരുന്നവരിൽ രോഗികളുണ്ടെങ്കിൽ അവർക്ക് ചികിത്സ ഉറപ്പു വരുത്താനും അവരുടെ പ്രിയപ്പെട്ടവർക്ക് രോഗബാധയില്ലാതിരിക്കാനും ഇത് ഒഴിവാക്കാനാവാത്തതാണ് . അതു കൊണ്ടു കൂടിയാണ് സർക്കാർ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞത്.
ലോകത്തിനു മുമ്പിൽ കേരളം നേടിയ മികവ് സർക്കാരിനും ജനങ്ങൾക്കും അവകാശപ്പെട്ട താണ് തുടക്കം മുതൽ പ്രതിപക്ഷം അട്ടിമറി പ്രവർത്തനങ്ങൾക്കാണ് ശ്രമിക്കുന്നത്. അതിപ്പോൾ എല്ലാ അതിരുകളും വിട്ടിരിക്കുന്നു. മനുഷ്യ ജീവൻ പന്താടുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. ഇത്തരം പ്രവർത്തനങ്ങൾ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരികയും വേണം - രാജീവ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..