തിരുവനന്തപുരം > ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ് ഡിജിറ്റൽ വാർത്താ ചാനലായ ദ് ന്യൂസ് മിനിറ്റ് പുറത്തു കൊണ്ടുവന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. കേരള സർക്കാരിന്റെ തെറ്റായ നയമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയിൽ പ്രതികരിക്കാൻ പ്രസ് ഇൻഫമേഷൻ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങൾ ദ് ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിലുണ്ട്. ആധികാരികമല്ലാത്ത വിവരങ്ങൾ നൽകി കേരളവിരുദ്ധ ലേഖനങ്ങൾ എഴുതാൻ ഇവരോട് ആവശ്യപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ആരും ഇതിനു തയ്യാറാകാതെ വന്നപ്പോഴാണ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവ് തന്നെ നുണ പ്രസ്താവനയുമായി ഇറങ്ങിയത്.
ഉരുൾപൊട്ടൽ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകൾ സഹിതം മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവർത്തനം. മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പിറകിലുണ്ട്.
മനുഷ്യ ഇടപെടലുകൾ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുൾപൊട്ടൽ ശാസ്ത്രീയമായ പഠനത്തിനു വിധേയമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി പി രാജീവ് ഫെയ്സ് ബുക്കിൽ കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..