25 December Wednesday
വ്യവസായരംഗത്ത്‌ നമ്മളിന്ന്‌ 
കൊച്ചുകേരളമല്ല

ഗ്ലോബൽ സിറ്റി ; കേന്ദ്രാനുമതി ലഭ്യമാക്കി 
മുന്നോട്ടുപോകും : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


തിരുവനന്തപുരം
കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതി കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭ്യമാക്കി പൂർത്തീകരിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണെന്ന്‌ മന്ത്രി പി രാജീവ്‌. നിയമസഭയിൽ കെ കെ ശൈലജയുടെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട്‌ സ്‌മാർട്ട്‌ പദ്ധതിക്കാവശ്യമായ നടപടി സർക്കാർ 2019ൽ ആരംഭിച്ചിട്ടുണ്ട്‌. ഭൂമിയേറ്റെടുക്കുന്നത്‌ വരെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഇൻഡസ്ട്രിയൽ സ്‌മാർട്ട് സിറ്റിക്ക് കഴിഞ്ഞ ആഗസ്‌ത്‌ 28നാണ്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്‌. എൻഐസിഡിസിയും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏകോപനത്തിനായി ഒരു ടാസ്‌ക്‌ഫോഴ്സ് രൂപീകരിച്ചു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്മെന്റ് ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്‌റ്റും സർക്കാരും 50:50 പങ്കാളിത്തത്തോടെ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡ്‌ (കെഐസിഡിസി) എന്ന പേരിൽ സെപ്‌ഷൽ പർപ്പസ് വെഹിക്കിളും രൂപീകരിച്ചിട്ടുണ്ട്‌. പാലക്കാട് ഇൻഡസ്ട്രിയൽ സ്‌മാർട്ട് സിറ്റി നടപ്പാക്കുന്നതിനുള്ള എല്ലാ ഭാവി പ്രവർത്തനങ്ങളും ഈ സ്ഥാപനം ഏകോപിപ്പിക്കും.

കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി വിഭാവനംചെയ്‌ത ഗ്ലോബൽ സിറ്റി പദ്ധതിക്കായി എറണാകുളം ജില്ലയിലെ അയ്യമ്പുഴ വില്ലേജിൽ ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം 2021ൽ പുറത്തിറക്കി. ഭൂമി സർവേ, വൃക്ഷങ്ങളുടെ വിലനിർണയം തുടങ്ങിയ ജോലികൾ പൂർത്തീകരിച്ചു. പുനരധിവാസ പാക്കേജിന്‌ 2022ൽ അംഗീകാരവും നൽകി.

പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാൻ നടപടിയാരംഭിച്ചതിന്റെയും ആവശ്യമായ 840 കോടി കിഫ്ബിയിലൂടെ അനുവദിച്ചതിന്റെയും പശ്ചാത്തലത്തിൽ അനുമതിക്കായി പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്ത്‌ നൽകിയതായും മന്ത്രി പറഞ്ഞു.

വ്യവസായരംഗത്ത്‌ നമ്മളിന്ന്‌ 
കൊച്ചുകേരളമല്ല
വ്യാവസായിക രംഗത്തെ വളർച്ചയിൽ നമ്മൾ ഇപ്പോൾ ‘കൊച്ചുകേരളം’ അല്ലെന്ന്‌ മന്ത്രി പി രാജീവ്‌. കുറഞ്ഞ ഭൂവിസ്‌തൃതിയായിരുന്നിട്ടും ഇന്ത്യക്ക്‌ നാലുശതമാനം ജിഡിപി സംഭാവന ചെയ്യുന്ന സംസ്ഥാനമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. കേരള വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡുകളും വ്യവസായ നഗരപ്രദേശവികസനവും (ഭേദഗതി) ബിൽ–-2024, കേരള സൂക്ഷ്‌മ–- ചെറുകിട–- ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗഗതി) ബിൽ എന്നിവ സബ്‌ജക്‌ട്‌ കമ്മിറ്റിക്ക്‌ അയക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചയ്‌ക്ക്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വ്യവസായരംഗം വളരുകയാണ്‌. ഈസ്‌ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ റിഫോം ആക്ഷൻ പ്ലാനിൽ ഇന്ത്യയിൽ ഒന്നാമത്‌ എത്താനായത്‌ അതിന്റെ തെളിവാണെന്നും–- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top