21 December Saturday

കേരളത്തിൽ വ്യവസായ വളർച്ചയുണ്ടായി; മനോരമ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനം: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2023

തിരുവനന്തപുരം > കേരളത്തിലെ സംരഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്ന മനോരമ വാര്‍ത്തയ്‌ക്ക്‌ മറുപടിയുമായി മന്ത്രി പി രാജീവ്. വ്യവസായ സംരംഭം സംബന്ധിച്ച മനോരമയുടെ വാര്‍ത്ത നാടിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ മാത്രമേ സംരംഭം പാടുള്ളു എന്ന ചിന്തയുടെ ഭാഗമാണിത്. കുറവുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യാം. എന്നാല്‍, സംരഭങ്ങളുടെ എണ്ണം കളവാണെന്ന പ്രചാരണം മാധ്യമപ്രവര്‍ത്തനത്തിന് ചേരാത്തതാണ്‌. ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മനോരമ ഈ വിഷയത്തില്‍ ഇതുവരെയും തന്റെ പ്രതികരണം തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

2021-22 ല്‍ 17.3 ശതമാനം വ്യവസായ വളര്‍ച്ചയാണ് കേരളത്തിലുണ്ടായത്. വ്യവസായ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ 18.9 ശതമാനവും വളര്‍ച്ച കേരളം കൈവരിച്ചു. ഇത് ദേശീയ വളര്‍ച്ചയായ 18.16 ശതമാനത്തിനും മുകളിലാണ്. കള്ളവാര്‍ത്തയെന്ന് പ്രചരിപ്പിച്ചവര്‍ ഇത്തരം വാര്‍ത്തകള്‍ മൂടിവെക്കുകയാണെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.

സംരംഭക വർഷത്തിൽ മലയാളികൾക്ക്‌ അഭിമാനമുള്ള കാര്യമാണ്‌ നടക്കുന്നത്‌. ഒരു ചോദ്യം പോലും ഇല്ലാതെയാണ്‌ മന്ത്രിക്ക്‌ മറുപടിയില്ല എന്ന്‌ വാർത്തയിൽ നൽകിയത്‌. മനോരമയുടെ കയ്യിലുള്ള പട്ടികയിൽനിന്ന്‌ നാടിന്‌ ഗുണമുള്ള ഒന്നും കൊടുക്കാൻ തോന്നാതിരുന്നത്‌ എന്തുകൊണ്ടാണ്‌?.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോ കേരളം വ്യവസായ റാങ്കിങ്ങിൽ 28 ആം സ്ഥാനത്തായിരുന്നു. കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും പ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ റാങ്കിങ്ങിൽ 28 ൽ നിന്ന്‌ 18 ലേക്ക്‌ എത്തി. മനോരമ ചാനൽ ഒരു ചർച്ചയും നടത്തിയില്ല. സംരംഭം തന്നെ ലക്ഷണമൊത്ത കള്ളം എന്നാണ്‌ ചാനൽ പറയുന്നത്‌. ആകെ രണ്ടെണ്ണം മാത്രമാണ്‌ കിട്ടിയത്‌. തെറ്റുകൾ ചൂണ്ടിക്കാണിക്കാം. ചെറിയ കാര്യങ്ങളെ പർവതീകരിച്ച്‌ കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top