08 September Sunday

കടലാക്രമണം ; പ്രശ്‌നപരിഹാരത്തിന്‌ 
അടിയന്തരനടപടി: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കൊച്ചി
വൈപ്പിൻ മേഖലയിലെ കടലാക്രമണപ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. തീരദേശത്തിന്റെയും തീരദേശവാസികളുടെയും സംരക്ഷണത്തിന്‌ സർക്കാർ മുന്തിയ പരിഗണനയാണ്‌ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണമുണ്ടായ എടവനക്കാട്‌ പഞ്ചായത്തിലെ പഴങ്ങാട്‌ സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കടലാക്രമണപ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം വേണമെന്ന്‌ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തീരദേശ വികസന കോർപറേഷനെ ചുമതലപ്പെടുത്തുകയും ചെന്നൈ ഐഐടിയോട്‌ റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. 145.87 കോടിയുടെ പദ്ധതി ഐഐടി സമർപ്പിച്ചു. പദ്ധതി ചർച്ച ചെയ്യാൻ പഞ്ചായത്ത്‌–-ബ്ലോക്ക്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർടി പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു. ഐഐടി പ്രതിനിധികളും തീരദേശ കോർപറേഷൻ എംഡിയും പങ്കെടുത്തു.  യോഗത്തിലെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി പദ്ധതിക്ക്‌ അന്തിമരൂപം നൽകി. പദ്ധതി പിഎംഎംഎസ്‌വൈയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്‌ ജനുവരി 12ന്‌ സംസ്ഥാന സർക്കാർ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന്‌ നൽകി. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ്‌ വഹിക്കേണ്ടത്‌. 40 ശതമാനം ചെലവഴിക്കാൻ തയ്യാറാണെന്നും കേന്ദ്രത്തെ അറിയിച്ചു. തുടർന്ന്‌ ബംഗളൂരുവിലുള്ള ഏജൻസിയെ ഇവാല്യുവേഷൻ റിപ്പോർട്ടിനായി കേന്ദ്രം ഏൽപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമുണ്ടാകുമെന്നാണ്‌ കേന്ദ്ര ഫിഷറീസ്‌ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലാക്കാനായത്‌. പദ്ധതി കൊണ്ടുവരാനായാൽ പ്രശ്‌നത്തിന്‌ പരിഹാരമാകും. തീരദേശത്തിന്റെയും അവിടെയുള്ളവരുടെയും സംരക്ഷണത്തിന്‌ ഒരുകാലത്തുമില്ലാത്ത നിലപാടാണ്‌ ഈ സർക്കാരും കഴിഞ്ഞ സർക്കാരും സ്വീകരിക്കുന്നത്‌. സംരക്ഷണം പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുത്താണ്‌ 5300 കോടിയുടെ തീരദേശ സംരക്ഷണപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്‌. കിഫ്‌ബിവഴിയും കേന്ദ്രസഹായത്തോടെയുമാണ്‌ ഉദ്ദേശിച്ചത്‌. എന്നാൽ, ഒരുരൂപപോലും കേന്ദ്രം നൽകിയില്ല. ഈ സാഹചര്യത്തിലാണ്‌ അത്തരം സഹായമില്ലാതെ കിഫ്‌ബിവഴി ഫണ്ട്‌ സമാഹരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. അതിന്റെ ഭാഗമായാണ്‌ ആദ്യഘട്ടമെന്ന നിലയിൽ ചെല്ലാനത്ത്‌ 345 കോടി ചെലവിൽ ഏഴര കിലോമീറ്റർ ടെട്രാപോഡ്‌ സംവിധാനം നടപ്പാക്കിയത്‌. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ചപ്പോഴും ഇത്തരം നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കണ്ടു തീരദേശത്തിന്റെ സങ്കടം; നൽകി
സംരക്ഷിക്കുമെന്ന ഉറപ്പ്‌
കടലാക്രമണമുണ്ടായ എടവനക്കാട്‌ പഞ്ചായത്തിലെ പഴങ്ങാട്‌ മന്ത്രി പി രാജീവ്‌ സന്ദർശിച്ചു. നാട്ടുകാരും ജനപ്രതിനിധികളും സമരസമിതി നേതാക്കളും തീരദേശം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മന്ത്രിയോട്‌ വിവരിച്ചു. പരിഹാരമാർഗങ്ങളും നിർദേശിച്ചു. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും മന്ത്രി വിശദീകരിച്ചപ്പോൾ തീരദേശവാസികളുടെ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു.

ചൊവ്വ വൈകിട്ടോടെയാണ്‌ മന്ത്രി പി രാജീവ്‌ പഴങ്ങാട്ടെത്തിയത്‌. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയും ഒപ്പമുണ്ടായി. നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയപാർടി പ്രതിനിധികളും സമരസമിതി പ്രതിനിധികളും മന്ത്രിയെ കാത്ത്‌ അവിടെയുണ്ടായിരുന്നു. തുടർന്ന്‌ അവർക്കൊപ്പം കടലാക്രമണം നേരിടുന്ന തീരഭാഗങ്ങളിലേക്ക്‌. കടലാക്രമണം രൂക്ഷമാകുമ്പോൾ വീടുകളിലേക്ക്‌ ഉൾപ്പെടെ വെള്ളം കയറുകയാണെന്ന്‌ നാട്ടുകാർ പറഞ്ഞു. ശാശ്വതപരിഹാരമുണ്ടാക്കണമെന്നും മന്ത്രിയോട്‌ അഭ്യർഥിച്ചു. പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കേന്ദ്രത്തിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുന്ന പദ്ധതിയടക്കം മന്ത്രി വിശദീകരിച്ചു. എന്നാൽ, അടിയന്തരസ്വഭാവം കണക്കിലെടുത്ത്‌ ഉടൻ ഏറ്റെടുക്കേണ്ട പ്രവൃത്തികളിൽ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ്‌ പ്രസിഡന്റ് കെ എ സാജിത്, എടവനക്കാട്‌ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി എ പി പ്രിനിൽ, എടവനക്കാട്‌ ലോക്കൽ സെക്രട്ടറി കെ യു ജീവൻമിത്ര, മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി എ കെ ശശി, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ വി സുധീഷ്, സമരസമിതി പ്രതിനിധി സനിൽകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top