തിരുവനന്തപുരം > സംരംഭകർ ഓഫീസുകൾ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂർണമായും കേരളത്തിൽ മാറുകയാണെന്നും വ്യവസായവകുപ്പ് സംരംഭകരെ തേടിയിറങ്ങാനും താൽപ്പര്യം പ്രകടിപ്പിക്കുന്നവരെ കൈപിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകുകയാണെന്നും മന്ത്രി പി രാജീവ്. അതിന്റെ ഭാഗമായി 2022–23 സാമ്പത്തികവർഷം സംരംഭക വർഷമായി സർക്കാർ പ്രഖ്യാപിക്കുകയാണ്. ഒരു ലക്ഷം സംരംഭമാണ് ഈ സംരംഭക വർഷത്തിൽ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി ശാസ്ത്രീയമായ കർമപദ്ധതിയും വ്യക്തമായ കലണ്ടറും പ്രൊഫഷണലായ നിർവഹണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട് - പി രാജീവ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു.
വ്യവസായ വകുപ്പ് മാത്രമായി ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയുന്ന ദൗത്യമായി ഇതിനെ കാണുന്നില്ല. വിവിധ വകുപ്പുകളും പ്രാദേശിക സർക്കാരുകളും സമൂഹവും ഒറ്റക്കെട്ടായി ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതാണിത്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിനും വ്യവസായവൽക്കരണം അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യവസായം, തദ്ദേശഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധന വകുപ്പുകൾ ഏകോപിതമായാണ് സംരംഭക വർഷത്തിന് നേതൃത്വം നൽകുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം പ്രായോഗികതലത്തിൽ നേതൃത്വം കൊടുക്കുന്നു.
ഈ വകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഓരോ വകുപ്പും നിർവഹിക്കേണ്ട ചുമതലകളും ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശഭരണ മന്ത്രികൂടി പങ്കെടുത്ത് സ്ഥാപനങ്ങളുടെ അധ്യക്ഷ/അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗവും സഹകരണമന്ത്രികൂടി പങ്കെടുത്ത് ബാങ്ക് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗവും ചേർന്നു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ ഈ പദ്ധതി വിശദീകരിക്കുന്നതിന് വ്യവസായ മന്ത്രിയെന്ന നിലയിൽ പങ്കെടുത്തു. നിക്ഷേപ വായ്പ അനുപാതം അഖിലേന്ത്യാതലത്തിൽ 71 ശതമാനമുള്ളപ്പോൾ കേരളത്തിൽ അത് കേവലം 62 ശതമാനം മാത്രമാണ്. ആന്ധ്രയിൽ 116 ശതമാനവും തമിഴ്നാട്ടിൽ 101 ശതമാനവുമാണെന്നറിയുമ്പോഴാണ് വിവേചനത്തിന്റെ ആഴം ബോധ്യപ്പെടുകയുള്ളൂ. ഈയവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതിന് നേതൃത്വം നൽകാമെന്നും സംരംഭക വർഷത്തിന് പ്രത്യേക വായ്പാ പദ്ധതി ആവിഷ്കരിക്കുന്നത് പരിഗണിക്കാമെന്നും അവർ സമ്മതിക്കുകയുണ്ടായി.
സംസ്ഥാന, കേന്ദ്ര പൊതുമേഖല സ്ഥാപനമേധാവികളുടെ യോഗവും ചേർന്നിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ചെറുകിട വ്യവസായങ്ങളെ ആശ്രയിക്കുന്ന മേഖലകൾ കണ്ടെത്തി അതിനു പകരമായി കേരളത്തിൽത്തന്നെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഇവർ പിന്തുണനൽകും. ഗവേഷണ ഫലങ്ങൾ വാണിജ്യപരമായി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പിന്തുണ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തിൽ ഉറപ്പു നൽകുകയുണ്ടായി.
പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ നിശ്ചിത കാലയളവിൽ വേതനവർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകില്ലെന്ന് കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന നേതാക്കൾ സ്വമേധയാ പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ടായ്, സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധികളുടെ യോഗവും കേരള മാനേജ്മെന്റ് അസോസിയേഷൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും പേഴ്സനൽ മാനേജർമാരുടെയും സംഘടനാ പ്രതിനിധികളുടെ യോഗവും സംരംഭക വർഷത്തിന് പിന്തുണ പ്രഖ്യാപിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറിയിൽപ്പെടാത്തതും അമ്പതു കോടി രൂപവരെയുള്ളതുമായ നിക്ഷേപങ്ങൾക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതിനുള്ള നിയമം ഇപ്പോൾ നിലവിലുണ്ട്. ഏകജാലക സംവിധാനംവഴി രജിസ്റ്റർ ചെയ്താൽ മൂന്നു വർഷംവരെ അക്നോളജ്മെന്റ് രശീത് വഴി പ്രവർത്തിക്കാം. ഇതു ലൈസൻസിനു തുല്യമായി ബാങ്കുകളും സർക്കാർ വകുപ്പുകളും അംഗീകരിച്ചിട്ടുണ്ട്. അമ്പതു കോടി രൂപയ്ക്ക് മുകളിലുള്ള സംരംഭങ്ങളാണെങ്കിൽ എല്ലാ രേഖകളോടുംകൂടി അപേക്ഷ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം ലൈസൻസ് നൽകണമെന്ന വ്യവസ്ഥയുള്ള നിയമം പാസാക്കി. വ്യവസായം ആരംഭിക്കുന്നതുമായോ നടത്തിക്കൊണ്ടു പോകുന്നതുമായോ ബന്ധപ്പെട്ട സേവനങ്ങളെ സംബന്ധിച്ച പരാതി 30 ദിവസത്തിനകം പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര കമ്മിറ്റി ജില്ലാ, സംസ്ഥാന തലങ്ങളിൽ നിയമ പിന്തുണയോടെ രൂപീകരിച്ചു. ഈ സമിതിയുടെ തിരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പാക്കിയില്ലെങ്കിൽ പിഴ ഈടാക്കാനും അച്ചടക്ക നടപടി ശുപാർശ ചെയ്യാനും സമിതിക്ക് അധികാരമുണ്ട്. പൂർണമായും ഓൺലൈനിലാക്കുന്ന സോഫ്റ്റ്വെയറും ഏപ്രിലിൽ പ്രാവർത്തികമാക്കും.
വ്യവസായശാലകളിലെ പരിശോധനകളെല്ലാം സോഫ്റ്റ്വെയർ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റി സുതാര്യമാക്കി. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ സർക്കാർ ഉത്തരവ് കാലോചിതമാക്കി പുതുക്കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്. കാലഹരണപ്പെട്ടതോ പ്രായോഗികമല്ലാത്തതോ ആയ വകുപ്പുകളും ചട്ടങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ കമീഷൻ റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിച്ചു. ശുപാർശകളുടെ നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ സമിതിയും രൂപീകരിക്കുന്നുണ്ട്.
സംരംഭക വർഷത്തിലെ പ്രവർത്തനങ്ങൾക്ക് അനുസൃതമായി വകുപ്പിനെയും പുതുക്കിപ്പണിയുകയാണ്. ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടിലുമായി(ഇഡിഐഐ) ത്രിദിന പരിശീലന പദ്ധതി നടപ്പാക്കി. താലൂക്ക് വ്യവസായ ഓഫീസുകളെല്ലാം ഫെസിലിറ്റേഷൻ കേന്ദ്രങ്ങളാക്കിമാറ്റി. 59 പേർ താലൂക്കുതല റിസോഴ്സ് ഓഫീസർമാരായി പ്രവർത്തിക്കും.
പഞ്ചായത്തുതല പ്രവർത്തനങ്ങൾക്കായി ബിടെക്, എംബിഎ ബിരുദധാരികളായ 1155 പേർ ഏപ്രിലിൽ ഇന്റേൺസായി ചുമതലയെടുക്കും. ഇവർക്കെല്ലാം വ്യക്തിഗത ടാർഗെറ്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് വ്യവസായ ഓഫീസുകൾക്കും ടാർഗെറ്റുകളുണ്ട്. ഏപ്രിലിൽ പഞ്ചായത്തുതല ശിൽപ്പശാലകളും മെയ് മാസത്തിൽ വായ്പ/ ലൈസൻസ് മേളകളും സംഘടിപ്പിക്കും.
ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ ഒരു ഉൽപ്പന്നം എന്ന കാഴ്ചപ്പാടോടെ പട്ടിക തയ്യാറാക്കി. ഓരോ തദ്ദേശഭരണ സ്ഥാപനവും ഇത് ചർച്ച ചെയ്ത് അംഗീകരിക്കണം. ഇതോടൊപ്പം മറ്റു സംരംഭങ്ങൾ തുടങ്ങുന്നതിനും തടസ്സമുണ്ടാകില്ല. വ്യവസായ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾക്ക് അവാർഡ് നൽകാനും നിശ്ചയിച്ചിട്ടുണ്ട്. വ്യവസായങ്ങൾ നടത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ ജില്ലയിലും എംഎസ്എംഇ ക്ലിനിക്കുകൾ ആരംഭിച്ചു. 168 വിദഗ്ധരുടെ സേവനം സാങ്കേതികവിദ്യ, മാർക്കറ്റിങ്, മാനേജ്മെന്റ്, നിയമം തുടങ്ങിയ മേഖലകളിൽ സൗജന്യമായി ലഭ്യമാണ്.
ദീർഘകാലമായി വ്യവസായ സംഘടനകളാവശ്യപ്പെടുന്ന സ്ഥിരം പ്രദർശനവേദിയുടെ നിർമാണം മേയിൽ കൊച്ചിയിൽ ആരംഭിക്കും. ഇതോടൊപ്പം ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമും പൂർത്തിയായിവരുന്നു. നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണെന്ന പ്രഖ്യാപനം പ്രായോഗികമാക്കാൻ നാടാകെ ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. സംശയത്തിന്റെ മോഡിൽനിന്ന് വിശ്വാസത്തിലേക്ക് മനോഭാവം മാറണം. ഉത്തരവാദിത്വ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ച് നമുക്ക് ഒരു ലക്ഷമെന്ന ലക്ഷ്യത്തെ ഒന്നിച്ച് മറികടക്കാം - പി രാജീവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..